കുട്ടികള്‍ സീരിയലില്‍; 3 മണിക്കൂറിലധികം ഷോയില്‍ പങ്കെടുപ്പിക്കരുത്, ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: അടുത്തിടെ കുട്ടികളാണ് സീരിയലുകളില്‍ തിളങ്ങി നില്‍ക്കുന്നത്. കുട്ടികളെ പങ്കെടുപ്പിക്കുന്ന പരിപാടിക്ക് കാഴ്ചക്കാരും ഏറിയതോടെയാണ് കുട്ടികള്‍ക്ക് ഡിമാന്റേറുന്നത്. ഈ സാഹചര്യത്തില്‍ ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന ഉത്തരവ് ഇറക്കിയിരിക്കുന്നകയാണ്. സംസ്ഥാ ബാലാവകാശ സംരക്ഷണ കമ്മീഷന്റേതാണ് ഉത്തരവ്. കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ, ശ്രാവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന് നിര്‍ദേശം നല്‍കുന്നു.

ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പിലാണ് ഉത്തരവായത്. കമ്മിഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന എല്ലാ ഓഡിയോ-വീഡിയോ ഷോകള്‍ക്കും ഉത്തരവ് ബാധകമാണ്. ബാലവേലാ നിരോധന നിയമം അനുസരിച്ച് ഇത്തരം പരിപാടികള്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിയിരിക്കണം.

നിയമാനുസൃത അപേക്ഷയും എത്ര കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്ട്രേറ്റിനു സമര്‍പ്പിക്കണം. കുട്ടികളെ ദിവസം അഞ്ചു മണിക്കൂറോ തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികമോ ഷോയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ പ്രത്യേകം നടത്തണം. കുട്ടിക്കു കിട്ടുന്ന വരുമാനത്തില്‍ 20 ശതമാനത്തില്‍ കുറയാതെ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക കുട്ടിക്കു ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Exit mobile version