‘മണ്ണിന്റെ മക്കളോടൊപ്പം, കര്‍ഷകസമരം വിജയിക്കട്ടെ’: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മണികണ്ഠന്‍

കോഴിക്കോട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ മണികണ്ഠന്‍ രാജന്‍. കര്‍ഷകനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ പ്രശസ്ത കവിത ‘കീഴാളന്‍’ എന്ന കവിത ചൊല്ലിക്കൊണ്ടാണ് മണികണ്ഠന്‍ നിലപാട് പ്രഖ്യാപിച്ചത്.

‘മണ്ണിനോടൊപ്പം, മണ്ണിന്റെ മക്കളോടൊപ്പം, കര്‍ഷകസമരം വിജയിക്കട്ടെ. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കട്ടെ’, മണികണ്ഠന്‍ പറഞ്ഞു.

പ്രമുഖ മലയാള സിനിമാ താരങ്ങള്‍ നിശബ്ദത തുടരമ്പോഴാണ് സലിം കുമാര്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, സലിം കുമാര്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് നിലപാട് വ്യക്തമാക്കിയത്. തമിഴ് സിനിമാലോകത്തുനിന്നും ജി വി പ്രകാശ് കുമാര്‍, വെട്രി മാരന്‍, പാ രഞ്ജിത്ത് തുടങ്ങിയവര്‍ കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നടന്‍മാരായ ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിവര്‍ വിഷയത്തില്‍ പോപ് താരം റിഹാന ഉള്‍പ്പെടെയുള്ള വിദേശ സെലിബ്രിറ്റികളുടെ അഭിപ്രായ പ്രകടനത്തെ എതിര്‍ക്കുകയോ അതിനെ എതിര്‍ത്തവരെ അനുകൂലിക്കുകയോ ചെയ്ത് ബിജെപി അനുകൂല നിലപാട് പുറത്തുകാണിച്ചിട്ടുണ്ട്.

അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സുരേഷ് റെയ്‌ന അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സമാന നിലപാടും ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. തപ്‌സി പന്നു, ഡിസൈനര്‍ ഫറ ഖാന്‍ തുടങ്ങി അപൂര്‍വ്വം ചിലരാണ് ബോളിവുഡില്‍ നിന്ന് വിഷയത്തില്‍ എതിരഭിപ്രായമുയര്‍ത്തി രംഗത്തെത്തിയത്.

Exit mobile version