കുറഞ്ഞ ശമ്പളം 23,000 രൂപ, പിതൃത്വ അവധി 15 ദിവസമാക്കണം, ദത്തെടുക്കുന്നവര്‍ക്കും പിതൃത്വ അവധി; ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപയാക്കണമെന്ന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ. ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ മോഹന്‍ ദാസ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനുമാണ് റിപ്പോര്‍ട്ട് കൈമാറിയത്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000 ഉം ആണ്.

കുറഞ്ഞ ഇന്‍ക്രിമെന്റ് 700 രൂപ, കൂടിയത് 3,400 രൂപയാക്കാനും ശുപാര്‍ശ. ശമ്പള പരിഷ്‌കരണത്തിന് 2019 ജൂലൈ മുതല്‍ പ്രാബല്യം, പിതൃത്വ അവധി 15 ദിവസം നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും.

ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വര്‍ഷത്തെ അവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.

വീട്ടുവാടക ബത്ത കോര്‍പറേഷന്‍ പരിധിയില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10% ആക്കണം. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയാക്കണമെന്നും ശുപാര്‍ശ. 80 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം ആയിരം രൂപ അധിക ബത്ത. സേനാവിഭാഗങ്ങളുടെ വിവിധ അലവന്‍സുകള്‍ ലയിപ്പിച്ച് വര്‍ധിപ്പിക്കും.

അടുത്ത ശമ്പള പരിഷ്‌ക്കരണം 2026ല്‍ കേന്ദ്ര പരിഷ്‌ക്കരണത്തിന് ശേഷം മതിയെന്നുമാണ് ശുപാര്‍ശ. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Exit mobile version