വയറ്റില്‍ മുലപ്പാലിന്റെ ഒരു അംശം പോലും ഇല്ല, ശ്വാസകോശത്തില്‍ കരിയിലയുടെ ഭാഗങ്ങള്‍; കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം

new born baby | Bignewslive

ചാത്തന്നൂര്‍: റബര്‍ തോട്ടത്തിലെ കരിയിലക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് നവജാതശിശു മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. കുഞ്ഞിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങള്‍ കുടുങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കുന്നത്.

ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മുലപ്പാലിന്റെ ഒരു അംശം പോലും വയറ്റില്‍ ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിലും മറ്റും കരിയില കഷ്ണമാണെന്നു കണ്ടെത്തിയത്.

ന്യുമോണിയ ബാധയും ഹൃദയ സംബന്ധമായ അസുഖവുമാണു മരണത്തിന്റെ പ്രധാന കാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരാഴ്ചയോളം മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതിനു ശേഷമേ സംസ്‌കരിക്കുകയുള്ളൂവെന്ന് ചാത്തന്നൂര്‍ എസിപി ഷിനു തോമസ് പറഞ്ഞു. ആവശ്യമെന്ന് കണ്ടാല്‍ ഡിഎന്‍എ പരിശോധന നടത്തും.

ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്നാണ് ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു.

Exit mobile version