ചെറുപ്പം മുതല്‍ കമ്പം വാഹനങ്ങളോട്, ഫിസിക്‌സ് ബിരുദധാരി ബെല്ല സാറ ഇപ്പോള്‍ മെക്കാനിക്കാണ്! ജോലിക്കൊപ്പം എംബിഎ പഠനവും, അമ്പരപ്പിച്ച് ഈ കൊച്ചിക്കാരി

Woman Mechanic | Bignewslive

കൊച്ചി: വാഹനം ഓടിക്കുന്നതില്‍ പെണ്‍കുട്ടികള്‍ കഴിവുതെളിയിച്ചിട്ടുണ്ട്. എന്നാല്‍ വണ്ടി പണി രംഗത്ത് പൊതുവെ കുറവാണ് സ്ത്രീകളുടെ കടന്നുവരവ്. എന്നാല്‍ ഇവിടെ അമ്പരപ്പിക്കുകയാണ് കൊച്ചിക്കാരി ബെല്ല സാറ. ചെറുപ്പം മുതലുള്ള വാഹനക്കമ്പമാണ് ബെല്ലയെ വാഹനങ്ങളുടെ ലോകത്തിലേയ്ക്ക് എത്തിച്ചത്. വെറും മെക്കാനിക്ക് മാത്രമല്ല, ഈ ബെല്ല. ഫിസിക്‌സ് ബിരുദധാരി കൂടിയാണ്.

ബിരുദത്തിനുശേഷം, കളമശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് ടാറ്റാ മോട്ടോഴ്‌സും എസ്‌കെഐപിയും നടത്തുന്ന ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിനു ചേര്‍ന്നതാണ് ബെല്ലയുടെ ഇഷ്ടമേഖലയിലേയ്ക്ക് ചുവടുവെയ്ക്കാന്‍ അവസരം ലഭിച്ചത്. ഓട്ടോമോട്ടീവ്, ടെക്‌നിക്കല്‍ ഡൊമെയ്‌നും നേടിയാണ് ബെല്ല പഠനം പൂര്‍ത്തിയാക്കിയത്.

2017-ലാണ് ഒരുവര്‍ഷത്തെ കോഴ്‌സിനു ചേര്‍ന്നത്. വീട്ടിലെ സാഹചര്യവും മറ്റും കാരണം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന പേടിയുണ്ടായിരുന്നുവെങ്കിലും, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തില്‍ കോഴ്‌സും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കാന്‍ ബെല്ലയ്ക്ക് സാധിച്ചു.

വാഹന നിര്‍മാതാക്കളും കാറ്റര്‍പില്ലര്‍ ഡീലര്‍മാരുമായ ജിഎംഎം കോ ക്യാറ്റിലാണ് ബെല്ലയിപ്പോള്‍ ജോലിചെയ്യുന്നത്. എന്നാല്‍ ഇതിനെല്ലാം പുറമെ, എംബിഎ പഠനം കൂടി ഒപ്പം കൊണ്ടുപോകുന്നുണ്ട് ഈ മിടുക്കി. ”ജോലിസാധ്യതകള്‍ കുറവാണെന്ന കാരണത്തിലാണ് പലരും ഈ മേഖലയിലേക്ക് വരാത്തത്. കോഴ്‌സിന്റെയും തൊഴില്‍സാധ്യതയും കണക്കിലെടുത്ത് ഇപ്പോള്‍ കുട്ടികള്‍ പഠനത്തിനായി വരുന്നത് അറിയാന്‍ കഴിഞ്ഞു. അത് ശുഭസൂചകമാണ്. പഠനത്തിനൊപ്പമുള്ള പരിശീലനമാണ് നമ്മളെ നല്ലൊരു പ്രൊഫഷണലാക്കി മാറ്റുന്നതെന്ന് ബെല്ല ആത്മവിശ്വാസത്തോടെ പറയുന്നു.

Exit mobile version