കേരളത്തിലെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു; കെ സുരേന്ദ്രന്‍

k surendran | big news live

പന്തളം: കേരളത്തിലെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സുരേന്ദ്രന്‍ ഇത്തരത്തില്‍ പറഞ്ഞത്. പന്തളം ഒരു സൂചനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡ്, ചെങ്ങന്നൂര്‍ ദേവീക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി, കുളത്തൂപ്പുഴ, ആര്യങ്കാവും തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം, അമ്പലപ്പുഴ കരുമാടിക്കുട്ടന്‍, തിരുനക്കര തേവര്‍, ഏറ്റുമാനൂരപ്പന്‍, വൈക്കം മഹാദേവക്ഷേത്രം, പൂര്‍ണത്രയേശ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, കൊടുങ്ങല്ലൂര്‍, കൂടല്‍മാണിക്യം, വടക്കുംനാഥ ക്ഷേത്രം, നെന്‍മാറ ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, ശിവഗിരി,പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപിയാണ് ജയിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ജയ്ശ്രീറാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാര്‍ലമെന്റിനകത്ത് ജയ്ശ്രീരാം വിളികള്‍ ഉയരുന്ന കാലമാണിതെന്ന് നിങ്ങള്‍ മറക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ദേശീയവാദികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും 1200 സീറ്റില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും മതതീവ്രവാദികളും ഒന്നിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. തലശ്ശേരിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം പല സ്ഥലത്തും കോണ്‍ഗ്രസിന് വോട്ട് മറിച്ചു.
70 വോട്ടാണ് ഒരു വാര്‍ഡില്‍ എല്‍ഡിഎഫിന് കിട്ടിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ട് മറിച്ചു. ഇരുമുന്നണികളും ഒന്നിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. പന്തളം ഒരു സൂചനയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version