എല്‍ഡിഎഫ് ചരിത്ര വിജയം നേടും; മന്ത്രി ഇപി ജയരാജന്‍

ep jayarajan | big news live

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇപി ജയരാജന്‍. കണ്ണൂരിലെ ബൂത്തില്‍ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇടതുമുന്നണി ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുവരും. നാടാകെ സര്‍ക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. വളരെക്കാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ചവരാണ് സ്ഥാനാര്‍ത്ഥികള്‍. ജനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും കൊടുക്കാന്‍ മുന്നിട്ടിറങ്ങിയവരാണ്. അവരെയെ ജനങ്ങള്‍ വിജയിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു. അതേസമയം കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ യുഡിഎഫ് ഇല്ലെന്നും കാര്‍ഷിക ബില്ലിനെതിരെ യുഡിഎഫിന്റെ പ്രതിനിധികള്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ മുതല്‍ തന്നെ മിക്ക് പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. 16നാണ് വോട്ടെണ്ണല്‍.

അതേസമയം ഏറ്റവും കൂടുതല്‍ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരില്‍ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കള്ളവോട്ടുകള്‍ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് പോസിറ്റീവായവര്‍ക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. അതേസമയം സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.

Exit mobile version