തടവുകാര്‍ക്ക് ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം; എഫ്എം റേഡിയോ കേള്‍പ്പിക്കാന്‍ നിര്‍ദേശം; ഒപ്പം മാസികകളും

FM Radio | Bignewslive

കൊല്ലം: ജയിലുകളില്‍ ഇനി പകലന്തിയോളം പാട്ടുകേള്‍ക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്എം റേഡിയോ കേള്‍പ്പിക്കണമെന്ന് ജയില്‍ ഡിജിപി നിര്‍ദേശം നല്‍കി. തടവുകാരുടെ ആത്മഹത്യ തടയാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസം തോന്നുന്നതിനുമുള്ള നടപടികളാണ് കൈകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ, സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകള്‍ വാങ്ങി വിതരണം ചെയ്യുകയും ചെയ്യും.

വ്യായാമം നിര്‍ബന്ധമാക്കുന്നതിനോടൊപ്പം അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കും. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. വിമുഖതകാട്ടുന്നവരെ ഫോണ്‍വിളിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതര്‍ അറിയിക്കുന്നു.

ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസ് നടത്തും. ഇതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനല്‍ ഉണ്ടാക്കണം. തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version