മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാര്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്, ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍

local body election | big news live

കൊച്ചി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു. ഇന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

തൃശ്ശൂരിലെ വടക്കാഞ്ചേരിയില്‍ മന്ത്രി എസി മൊയ്തീന്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. വിവാദങ്ങള്‍ ബാധിക്കില്ലെന്നും വീട് മുടക്കുന്നവര്‍ക്ക് ജനം വോട്ട് നല്‍കില്ലെന്നുമാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി പ്രതികരിച്ചത്.

മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട്. അതേസമയം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിംഗ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമത് എത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. ഇതോടെ മൂന്നാമത് മറ്റൊരു വോട്ടിങ്ങ് യന്ത്രം എത്തിച്ചെങ്കിലും അതും തകരാറിലായി. ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്.

അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടര്‍മാരാണ് ഉള്ളത്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.

Exit mobile version