പമ്പയില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടുന്നു; അനുവദനീയമായതിലും നാല്പത് ഇരട്ടിയെന്ന് പരിശോധനാ ഫലം

പത്തനംതിട്ട: പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്ദ്രത വന്‍തോതില്‍ ഉയരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോ ബാക്ടീരിയകളാണ് അനുവദനീയമായ അളവെങ്കില്‍ പമ്പയില്‍ ഇത് 23000 മുകളിലാണ്.

പമ്പയിലെ വിവിധ ഭാഗങ്ങളിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ടാണിത്. കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഏറ്റവും അധികമുള്ളത് ആറാട്ട് കടവിലാണ്. നൂറു മില്ലി ലിറ്റര്‍ വെള്ളത്തില്‍ 23200 കോളിഫോം ബാക്ടീരിയകളാണ് ഇവിടെ ഉള്ളത്.

തീര്‍ത്ഥാടകര്‍ കൂടുതലായി കുളിക്കാനെത്തുന്ന സ്ഥലമായ ത്രിവേണിയില്‍ 21600 ഉം, പമ്പാ താഴ്‌വാരത്ത് 19600 ഉം മാണ് കോളിഫോം ബാക്ടീരിയകളുടെ അളവ്.ഞണുങ്ങാറില്‍ 24800 ആണ് കോളിഫോം സാന്നിധ്യം. ഇവിടെ മറ്റ് മാലിന്യങ്ങള്‍ കൂടെ ഒഴുകി എത്തുന്നതിനാലാണ് അളവ് കൂടുതല്‍. നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

അതേസമയം സന്നിധാനത്തും പമ്പയിലും കുടിവെള്ളത്തില്‍ കോളിഫോം സാന്നിധ്യം ഇല്ലെന്നത് ആശ്വാസം നല്‍കുന്നുണ്ട്. മണ്ഡല തീര്‍ത്ഥാടനകാലം തുടങ്ങിയപ്പോള്‍ കുടിവെള്ളത്തിലും കോളിഫോം സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നദിയില്‍ ഓക്‌സിജന്റെ അളവും കുറവാണ്. അന്തരീക്ഷത്തില്‍ ഉയര്‍ന്ന തോതില്‍ പൊടിപടലങ്ങളും പമ്പയില്‍ ഉണ്ടെന്ന് മലനീകരണ നിയന്ത്ര ബോര്‍ഡിന്റെ പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ബാക്ടീരിയയാണ് കോളിഫോം ബാക്ടീരിയകള്‍.

Exit mobile version