സ്ഥാനാര്‍ത്ഥികളുടെ മരണം: അഞ്ച് നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

election postponed | bignewslive

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയത്.

കൊല്ലം പന്‍മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം(5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ്(37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി(47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തെരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇത്തവണ 2,76,56,579 വോട്ടര്‍മാര്‍ ആണ് വോട്ടവകാശം വിനിയോഗിക്കുന്നത്. 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര്‍ സ്ത്രീകളും 16,29,154 പേര്‍ പുരുഷന്‍മാരും 49 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര്‍ സ്ത്രീകളും 3,05,913 പേര്‍ പുരുഷന്‍മാരും 6 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.

Exit mobile version