തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ചൊവ്വാഴ്ച ഭാരത ബന്ദില്ല

national bandh, kerala | bignewslive

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ഉണ്ടാകില്ല. ബന്ദിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ബന്ദ് ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കേണ്ടി വരുമെന്നും മറ്റു മാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും പറഞ്ഞു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദില്‍ ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ മുഴുവന്‍ അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്.കാര്‍ഷിക നിയമത്തിനെതിരെ ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികള്‍ ആകാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version