കാത്തിരുന്ന് കിട്ടിയ കണ്മണി, തൂക്കം വെറും 400 ഗ്രാം മാത്രം, ഉള്ളംകയ്യില്‍ ഒതുങ്ങുന്ന വലുപ്പം, കുഞ്ഞിനെ ജീവനോടെ കിട്ടുമെന്നുണ്ടെങ്കില്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ എന്ന് പറഞ്ഞ മാതാപിതാക്കള്‍; 24 ആഴ്ചയില്‍ പിറന്ന കുഞ്ഞിനെ രക്ഷിച്ച കഥ പറഞ്ഞ് ഡോക്ടര്‍

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ പലപ്പോഴും അപകടഘട്ടങ്ങളിലൂടെയാണ് ജീവിതത്തിലേക്ക് എത്തിച്ചേരുന്നത്. ആദ്യ ശ്വാസമെടുപ്പിനായി കുഞ്ഞു ശ്വാസകോശം വേണ്ടത്ര വികസിച്ചിട്ടുണ്ടാകില്ല, അമ്മിഞ്ഞപ്പാല്‍ നുകരാനുള്ള ശക്തിയുണ്ടാകില്ല., എല്ലാറ്റിനും യന്ത്രസഹായം വേണ്ട അവസ്ഥയാവും.

ഇത്തരത്തില്‍ ജനിക്കുന്നകുഞ്ഞുങ്ങളെ പരിപാലിച്ച് പൂര്‍ണ ആരോഗ്യത്തിലേക്ക് നയിക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. 400 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിനെ പരിപാലിച്ച് ജീവിതം നല്‍കിയ അനുഭവം പങ്കുവെക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ നിയോനേറ്റോളജിസ്റ്റ് ഡോ. സാജന്‍ തോമസ്.

മനോമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ”24-ാമത്തെ ആഴ്ചയിലാണ് ആ കുഞ്ഞു പിറന്നത്. വെറും 400 ഗ്രാം മാത്രമായിരുന്നു തൂക്കം. 24 ആഴ്ച മാത്രമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. അവയവങ്ങള്‍ പലതും പൂര്‍ണവളര്‍ച്ചയെത്തിയിരുന്നില്ല. നമ്മുടെ ഉള്ളംകയ്യില്‍ ഒതുങ്ങുന്ന വലുപ്പമേയുള്ളു കുഞ്ഞിന്”- ഡോക്ടര്‍ പറയുന്നു.

കുഞ്ഞിനെ വേണമെന്നുതന്നെയായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. അവര്‍ അഭ്യര്‍ത്ഥിച്ചു.കുഞ്ഞിനെ ജീവനോടെ കിട്ടുമെന്നുണ്ടെങ്കില്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ എന്നാണ് ആ കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞത്. അച്ഛനമ്മമാര്‍ വളരെ നാള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞായിരുന്നു. എ പ്രഷ്യസ് ചൈല്‍ഡ്…

കുഞ്ഞിന്റെ ശ്വാസകോശത്തിനു തീരെ പാകതയായിട്ടില്ലായിരുന്നു. അതുകൊണ്ട് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് കൊടുത്തു. അടുത്തതായി കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വേണ്ടുന്ന പോഷകങ്ങള്‍ ശരീരത്തിലെത്തിക്കണം. അതു രണ്ടു രീതിയിലാണ് നല്‍കുക. ഐവി വഴി നേരേ രക്തക്കുഴലിലേക്ക് ധാതുക്കളും ഇലക്ട്രോലൈറ്റുകളുമെല്ലാം കലര്‍ന്ന ഫ്‌ളൂയിഡ് നല്‍കും.

കൂടാതെ മൂക്കിലൂടെ ഒരു ട്യൂബ് ആമാശയത്തിലേക്ക് ഘടിപ്പിച്ച് അതുവഴി മുലപ്പാല്‍ അല്‍പാല്‍പമായി നല്‍കി. ഇതിനു നേസോ ഗ്യാസ്ട്രിക് ഫീഡിങ് എന്നു പറയും. പതിയെ പാരന്റല്‍ ന്യൂട്രീഷന്‍ കുറച്ചുകൊണ്ടുവരികയും നേസോ ഗ്യാസ്ട്രിക് ഫീഡിങ് കൂട്ടുകയും ചെയ്യുകയുമാണ് ലക്ഷ്യം. എന്തായാലും വളരെ പെട്ടെന്നു തന്നെ കുഞ്ഞിനു ഭാരം വച്ചു,വേണ്ടത്ര ആരോഗ്യമായി, ഡിസ്ചാര്‍ജ് ചെയ്യാനായി.- ഡോക്ടര്‍ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.

ഒരു കിലോയില്‍ താഴെ ഭാരമുള്ള ഏതാണ്ട് 150 കുട്ടികളെ ഞങ്ങള്‍ക്ക് രക്ഷിച്ചെടുക്കാനായിട്ടുണ്ട്. 1.5 കിലോയില്‍ താഴെയുള്ള 300-ലധികം കുഞ്ഞുങ്ങളെ വേണ്ട സപ്പോര്‍ട്ട് കൊടുത്തു ജീവിതത്തിലേക്ക് കൊണ്ടുവന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version