സംഘപരിവാറില്‍ നിന്ന് വധ ഭീഷണി; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

bindhu ammini | bignewslive

കോഴിക്കോട്: തനിക്ക് സംഘപരിവാര്‍ വധ ഭീഷണിയുണ്ടെന്നും സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്നും ശബരിമല കയറാന്‍ പോയ ബിന്ദു അമ്മിണി. വധഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോഴിക്കോട് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

18ന് രാത്രി ഫോണിലൂടെ ദിലീപ് വേണുഗോപാല്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്ക് പരാതി നല്‍കിയിട്ട് നടപടിയൊന്നുമുണ്ടായില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കുന്നില്ല. എന്നാല്‍ പോലീസ് തന്റെ ഫോണ്‍ നല്‍കാന്‍ നോട്ടിസ് നല്‍കിയിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു. ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും ബിന്ദു അമ്മിണി ആരോപിച്ചു.

സുപ്രിംകോടതിയുടെ പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ല. നാളെ താന്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കൊയിലാണ്ടി പോലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ഇനി പോകില്ലെന്നും പോയത് സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് മറുപടി നല്‍കാനാണെന്നും ബിന്ദു പറഞ്ഞു. പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

Exit mobile version