‘ദേ ആള് വര്ണ്ട്! വാതില് ഇപ്പ തൊറക്കും, അതേയ്, കടക്കുമ്പോ വീഴാണ്ട് നോക്ക്യോളോ ട്ടാ! നല്ല തള്ള് വരും!’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ളത് തൃശ്ശൂര്‍ പൂരത്തിനല്ലാട്ടാ..

കൊച്ചി: ഈ ഫോട്ടോ കണ്ടോ.. വല്ലതും പിടി കിട്ടിയോ… ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മള്‍ നാട്ടുമ്പുറത്തുള്ളവര്‍ക്ക് ഒരു ശീലമുണ്ട് തിരക്കുള്ള സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് കൂട്ടുകാരോട് തിരികെ എവിടെ എത്തി മീറ്റ് ചെയ്യാം എന്ന് പറഞ്ഞ് വക്കും. അത് പൂരപറമ്പിലാണേലും ശരി സന്നിധാനത്ത് ആണെലും ശരി.

എന്നാല്‍ ഇതാ ന്യൂജനറേഷന്‍ ലോകത്ത് 2 ചേച്ചിമാരുടെ രസകരമായ സംഭാഷണം പങ്കുവെക്കുകയാണ് നടന്‍ ബാലചന്ദ്രന്‍ പറങ്ങോട്ട്. പിന്നെ തിരക്കുപിടിച്ച ലൊക്കേഷനില്‍ ചെറിയ മാറ്റമുണ്ട്. കല്യാണമണ്ഡപത്തിന്റെ ഊട്ടുപുരയ്ക്കു മുന്നിലാണ് ഈ തിരക്ക്.

ഈ വാര്‍ത്ത കണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം……

ബാലചന്ദ്രന്‍ പറങ്ങോട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്….

പണ്ട്, മൊബൈലൊന്നുമില്ലാതിരുന്ന പണ്ട്, തൃശ്ശൂര്‍ പൂരത്തിന് രാത്രി പടിഞ്ഞാറെ കോട്ടയില്‍ ബസ്സിറങ്ങി എം.ജി. റോഡിലൂടെ നടുവിലാലിലേക്ക് നടക്കുന്നതിനിടയില്‍ പൂരത്തിരക്കില്‍ പെട്ട് കൂട്ടം തെറ്റി പിരിഞ്ഞാല്‍ എടുക്കേണ്ട കരുതല്‍ നടപടി ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിക്കാറുണ്ട്.

‘ വെടിക്കെട്ട് കഴിഞ്ഞാ എല്ലാവരും ധനലക്ഷ്മി ബാങ്കിന്റെ ചോട്ടില് വന്നാ മതി. അവടന്ന് ഒരുമിച്ച് മടങ്ങാം.’

അതുപോലെ തന്നെ ശബരിമലയാത്രയിലും. പമ്പാഗണപതിയെ തൊഴുത് തേങ്ങയുടച്ച് മല കയറുന്നതിനു മുമ്പ് എല്ലാവരും വട്ടം കൂടി നിന്ന് തീരുമാനിക്കും.

”എല്ലാവരും കേറിക്കോളോ. വഴിക്ക് ആരും ആരേം കാത്ത് നിക്കണ്ട. സന്നിധാനത്തില് മീറ്റിയാം. എവട്യാ മീറ്റിയ്യാ?”

‘ അനൗണ്‍സ്‌മെന്റ് ഓഫീസിനു മുമ്പില്.’

‘ അദ്ദന്നെ. എല്ലാരും കേട്ടുലോ?. സന്നിധാനത്തിലെത്ത്യാ നേരെ പതിനെട്ടാം പടി കേറി സ്വാമ്യേ തൊഴണം. തൊഴുതെറങ്ങ്യാ അനൗണ്‍സ്‌മെന്റ് നടത്തണ ഓഫീസിന് മുമ്പില് എല്ലാ സ്വാമിമാരും ഒത്തു കൂട്വാ. കേട്ടൂലോ; ങ്ങ്ഹാ ശരി അപ്പോന്നാ കേറാം; സ്വാമ്യേയ് ശരണമയ്യപ്പ!.’

നാലഞ്ചു ദിവസം മുമ്പ് ഇതുപോലൊന്നുണ്ടായി.

കൊളാപ്‌സിബിള്‍ ഡോര്‍ പിടിച്ചു നിന്നിരുന്ന ആ സ്ത്രീയെ നോക്കി തിരക്കിനുള്ളില്‍ പിന്നില്‍ നിന്നിരുന്ന കൂട്ടുകാരി വിളിച്ചു പറഞ്ഞു.

‘കഴിഞ്ഞാ എവട്യാ കാണ്വാ വിജയേച്ച്യേ?.’

‘ പടിക്കലെ മെഡിക്കല്‍ ഷാപ്പിന്റെ മുമ്പില് കാണാം രമേ.”

‘ ങ്ഹാ ശരി. ദേ ആള് വര്ണ്ട്!. വാതില് ഇപ്പ തൊറക്കും. അതേയ്, കടക്കുമ്പോ വീഴാണ്ട് നോക്ക്യോളോ ട്ടാ!. നല്ല തള്ള് വരും!.’

പൂരം തെക്കോട്ടിറക്കത്തിലോ സന്നിധാനത്തിലോ ഒന്നുമല്ല; പട്ടണത്തിലെ ഒരു കല്ല്യാണമണ്ഡപത്തിലെ ഊട്ടുപുരയുടെ വാതില്‍ക്കല്‍ സകല ദൈവങ്ങളേയും വിളിച്ച് ഊഴം കാത്തു നില്‍ക്കുമ്പോള്‍ കേട്ടതാണ്‍.

Exit mobile version