വീട്ടുകാരുടെ അശ്രദ്ധ; ഷോപ്പിങിന് എത്തിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ വെച്ച് മറന്നു! സംഭവം കോഴിക്കോട്

ശനിയാഴ്ച രാത്രി ഹൈലൈറ്റ് മാളിലാണ് സംഭവം അരങ്ങേറിയത്. വീട്ടിലെത്തി പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അറിയുന്നത്.

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഷോപ്പിങിന് എത്തിയ കുടുംബം അഞ്ചുവയസ്സുകാരിയെ മാളില്‍ മറന്നു. ശനിയാഴ്ച രാത്രി ഹൈലൈറ്റ് മാളിലാണ് സംഭവം അരങ്ങേറിയത്. വീട്ടിലെത്തി പോലീസ് വിളിച്ചപ്പോഴാണ് കൂടെ കുട്ടിയില്ലെന്ന കാര്യം അറിയുന്നത്.

വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോഴാണ് കുട്ടിയെ മാളില്‍ കണ്ടത്. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. പോലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവില്‍ കുറ്റ്യാടി എസ്‌ഐ സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു.

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് ഇതൊന്നും അറിയാതെ വീട്ടിലുമായിരുന്നു. പോലീസ് കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി.

Exit mobile version