തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

kp yohannan kerala

കൊച്ചി: ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് 55 ലക്ഷം രൂപയും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചര്‍ച്ചിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version