കണ്ണന്‍ദേവന്‍ കമ്പനിയുടെ ബംഗ്ലാവില്‍ തീപ്പിടിച്ചെന്ന് സന്ദേശം: നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തിയ അഗ്‌നിരക്ഷാ സേന കബളിപ്പിക്കപ്പെട്ടു; വ്യാജ സന്ദേശത്തിന്റെ ഉടമയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി ഉദ്യോഗസ്ഥര്‍

ഇടുക്കി: കണ്ണന്‍ദേവന്‍ കമ്പനിയുടെ ബംഗ്ലാവില്‍ തീപിടിച്ചെന്ന വ്യാജസന്ദേശം കാരണം സ്ഥലത്തേക്ക് പാഞ്ഞെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കബളിപ്പിക്കപ്പെട്ടു.

മൂന്നാര്‍ നല്ലതണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന സേനയുടെ ഓഫീസിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് കന്നിമലയിലെ കണ്ണന്‍ദേവന്‍ കമ്പനി മാനേജരുടെ ബംഗ്ലാവിന് തീപിടിച്ചുവെന്ന ഫോണ്‍ സന്ദേശമെത്തിയത്. സേനയുടെ ചെറുതും വലുതുമായ രണ്ട് വാഹനങ്ങള്‍ സന്ദേശം കിട്ടിയ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഓഫീസിലേക്ക് വിളിച്ച നമ്പരിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

അഗ്‌നിരക്ഷാ സേന വിഭാഗത്തിലേക്ക് വിളിച്ച് കബളിപ്പിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയോ, 10,000 രൂപ പിഴയീടാക്കുകയോ ചെയ്യാവുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികാരികളെ വിവരമറിയിച്ചശേഷം നടപടികളെടുക്കുമെന്ന് സേനാംഗങ്ങള്‍ അറിയിച്ചു.

Exit mobile version