കാട്ടുപന്നി കുത്തിവീഴ്ത്തി; വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്ന പൊന്നോമനയുടെ മുഖം കണ്ട് കൊതി തീരും മുന്‍പേ രാജേഷിന് മരണം, കണ്ണീര്‍

ഉപ്പള: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പിറന്ന പൊന്നോമനയുടെ മുഖം കണ്ട് കൊതി തീരും മുന്‍പാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രാജേഷിന്റെ ജീവന്‍ പൊലിഞ്ഞത്. ഇതോടെ 40 ദിവസം മാത്രം പ്രായമായ മകനും ഭാര്യയും രോഗബാധിതനായ അച്ഛനും അടങ്ങുന്ന കുടുംബം അനാഥമായി. രാജേഷായിരുന്നു കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗം. രാജേഷിന്റെ വിയോഗത്തോടെ കുടുംബം ഇപ്പോള്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

7 വര്‍ഷം മുന്‍പായിരുന്നു കുബനൂരിലെ രാജേഷും സുഹാസിനിയും തമ്മിലുള്ള വിവാഹം. ഒട്ടേറെ ചികിത്സയ്ക്കും പ്രാര്‍ഥനകള്‍ക്കും ഒടുവിലാണ് ഒരു മകന്‍ പിറന്നത്. ഈ സന്തോഷമാണ് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണീരായി മാറിയത്. പതിവു പോലെ രാവിലെ പണിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു രാജേഷ്. ഒരു കിലോമീറ്റര്‍ അകലെ ബേക്കൂരിലേക്കാണ് പോകേണ്ടിയിരുന്നത്. വീട്ടില്‍ നിന്നു നടന്ന് 100 മീറ്റര്‍ മാറിയപ്പോഴാണു കാട്ടുപന്നിയുടെ മുന്നിലകപ്പെട്ടത്. സമീപത്തെ കൃഷിയിടത്തില്‍ നിന്ന് എത്തിയ പന്നി കുത്തിവീഴ്ത്തുകയായിരുന്നു.

കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസി സതീഷ് കണ്ടതു പന്നിയുമായി മല്‍പ്പിടുത്തം നടത്തുന്ന രാജേഷിനെയാണ്. ഉടന്‍ ബഹളം കൂട്ടി വടിയുമായി എത്തിയപ്പോഴേക്കും പന്നി രാജേഷിനെ വിട്ട് ഓടിപ്പോയി. രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 3 കുത്തുകളാണു രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലേറ്റ മുറിവാണു മരണകാരണം.

Exit mobile version