സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരോട് അവഗണന; അനിശ്ചിതകാല സമരത്തിനൊരുങ്ങി ജീവനക്കാര്‍

മാനസിക -ശാരീരിക വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന 288 സ്പെഷ്യല്‍ സ്‌കൂളുകളിലെ ആറായിരത്തോളം ജീവനക്കാരാണ് അനിശ്ചിതകാല സമരത്തിലേക്ക് ഒരുങ്ങുന്നത്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരത്തിന് ഒരുങ്ങി സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍. മാനസിക -ശാരീരിക വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന 288 സ്പെഷ്യല്‍ സ്‌കൂളുകളിലെ ആറായിരത്തോളം ജീവനക്കാരാണ് അനിശ്ചിതകാല സമരത്തിലേക്ക് ഒരുങ്ങുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഈ മേഖലയിലെ ജീവനക്കാരെ അവഗണിക്കുന്ന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 13ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.

സ്പെഷല്‍ സ്‌കൂള്‍ സമഗ്ര പാക്കേജ് ഉടന്‍ നടപ്പിലാക്കുക, സ്പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ലഭ്യമാക്കുക, പ്രകടന പത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് സംയുക്ത സമരസമിതിയുടെ ആവശ്യം.

നിലിവില്‍ ഒരേ യോഗ്യതയില്‍ ജോലിചെയ്യുന്ന സ്പെഷല്‍ സ്‌കൂള്‍ ജീവനക്കാരുടേയും ബഡ്സ്, ഐഇഡി ജീവനക്കാരുടേയും ശമ്പള സ്‌കെയിലില്‍ വലിയ വ്യത്യാസമാണുള്ളത്. സ്പെഷല്‍ സ്‌കൂളുകളില്‍ 4500 രൂപ മുതല്‍ 6500 രൂപ വരെ ലഭിക്കുമ്പോള്‍ ബഡ്സ് സ്‌കൂളില്‍ 30650 രൂപയും ഐഇഡിയില്‍ 28500 രൂപ വരേയും ലഭിക്കുന്നു. ആയമാര്‍ക്ക് ബഡ്സ് സ്‌കൂളില്‍ 17325 ലഭിക്കുമ്പോള്‍ സ്പെഷ്യല്‍ സ്‌കൂളില്‍ ലഭിക്കുന്നത് 2500 മുതല്‍ 3500 രൂപവരെ മാത്രമാണ്.

അതുപോലെ മാനസിക വൈകല്യം, ഓട്ടിസം ,സെറിബ്രല്‍ പാള്‍സി കുട്ടികളുടെ വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ ഒരു വര്‍ഷം ചിലവഴിക്കുന്നത് 6500 രൂപ മാത്രമാണ്. എന്നാല്‍ ശ്രവണ കാഴ്ചവൈകല്യമുള്ള കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രതിവര്‍ഷം 125000 രൂപയും ചെലവഴിക്കുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ അമ്പതിലധികം കുട്ടികളുള്ള സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഭരണത്തില്‍ വന്നാല്‍ മാനദണ്ഡപ്രകാരമുള്ള മുഴുവന്‍ സ്‌കൂളുകളും എയ്ഡഡ് ആക്കുമെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയില്ലെന്ന്് ജീവനക്കാര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഈ മേഖലയുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സാമൂഹ്യ നീതി സെക്രട്ടറി ശ്രീബിജു പ്രഭാകറിനെ നിയമിക്കുകയും ഒരു മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

നിയമസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സമഗ്ര പക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യപിച്ചുവെങ്കിലും ഇതുവരെ യാഥാര്‍ത്യമായിട്ടില്ല. കൂടാതെ സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്‍ഡ് ഇന്‍എയ്ഡ് 40 കോടിയാക്കി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് പ്രഖ്യാപനവും വാക്കുകളില്‍ ഒതുങ്ങി. ഇപ്പോഴും തുടരുന്ന ഈ അവഗണനയ്ക്കെതിരെയാണ് അനിശ്ചിതകാല സമരമെന്ന് സമരക്കാര്‍ പറയുന്നു.

കേരളത്തിലെ മദ്രസാ അധ്യാപകര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കിയ സര്‍ക്കാര്‍ അസംഘടിതമേഖലയായ സ്പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധിയോ പെന്‍ഷനോ ലഭ്യമാക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് സമരക്കാര്‍ പറയുന്നു.

Exit mobile version