ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറിയും രാജിയും; മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രകുമാരിയമ്മ പാര്‍ട്ടി അംഗത്വവും മണ്ഡലം പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

തിരുവനന്തപുരം: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറിയും രാജിയും. മഹിളാ മോര്‍ച്ച നേമം മണ്‍ലം പ്രസിഡന്റ് ചന്ദ്രകുമാരിയമ്മയാണ് ഒടുവിലത്തെ രാജി. പുന്നയ്ക്കാമുകള്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലും മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വവും മണ്ഡലം പ്രസിഡന്റ് സ്ഥാനവും രാജിവച്ചതെന്ന് ചന്ദ്രകുമാരിയമ്മ പ്രതികരിച്ചു.

അതേസമയം, പുന്നയ്ക്കാമുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 2010ല്‍ പുന്നയ്ക്കാമുകളിലെ ബിജെപി സ്ഥാനാര്‍ഥിയായി ഇവര്‍ മത്സരിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് നിലവിലെ തിരുമല കൗണ്‍സിലറായിരുന്ന പിവി മഞ്ജുവിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയില്‍ മറ്റിടങ്ങളിലും കലഹം രൂക്ഷമാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും രാജി തുടര്‍ക്കഥയായി. ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി വലിയവിള ബിന്ദു കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. അതിനുംമുമ്പ് ബിജെപി ജില്ലാകമ്മിറ്റിയംഗം പള്ളിത്താനം രാധാകൃഷ്ണനും പാര്‍ട്ടി വിട്ടിരുന്നു.

Exit mobile version