‘ഞാനിങ്ങെടുക്കുവാ’; തൃശ്ശൂര്‍ പിടിക്കാന്‍ ഒരുങ്ങി ദേവന്‍, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, അണിയറയില്‍ വന്‍നീക്കങ്ങള്‍

തൃശൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങാന്‍ ഒരുങ്ങി നടന്‍ ദേവന്‍. സ്വന്തം നാടായ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ദേവന്‍ മത്സരിക്കുക. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മത്സരിക്കുകയെന്ന് ദേവന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2004ല്‍ ആണ് ദേവന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപീകരിച്ചത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലായിരുന്നു പാര്‍ട്ടി. പാര്‍ട്ടിയുടെ പേര് ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പാര്‍ട്ടിയുടെ പുതിയ പേര്. അഴിമതി ഇല്ലാത്ത നേതാക്കളുടെ രാഷ്ട്രീയ പാര്‍ട്ടി എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദേവന്‍ പറയുന്നു.

തൃശൂരില്‍ ഇനി മുതല്‍ കൂടുതല്‍ സജീവമാകാനാണ് തന്‍രെ തീരുമാനമെന്ന് ദേവന്‍ പറയുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കാനിരിക്കെയാണ് ദേവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സിനിമാ രംഗത്ത് നിന്ന് ആരെയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവന്‍ പറഞ്ഞു.

സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കേരളത്തിലെ മികച്ച ഉദ്യോഗസ്ഥരെ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ദേവന്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു ദേവന്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് കെഎസ്യുവില്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയില്‍ സജീവമായിരുന്നപ്പോഴും മനസ്സില്‍ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും ദേവന്‍ പറയുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്ന് ദേവന്‍ വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായുളള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ദേവന്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ദേവന്‍ രംഗത്ത് വന്നിരുന്നു.

തന്റെ റോള്‍ മോഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആണ് എന്നാണ് ദേവന്‍ പറഞ്ഞിരുന്നത്. മോഡിക്ക് പകരക്കാരനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാരും ഇല്ലെന്നും രാജ്യം കണ്ട ഏക നല്ല പ്രധാനമന്ത്രിയാണ് മോഡി എന്നും ദേവന്‍ പറഞ്ഞു.

Exit mobile version