പുല്‍പ്പള്ളിക്കാര്‍ക്ക് ഇനി ആശ്വാസം; ഒരു മാസത്തോളം ഭയപ്പെടുത്തിയ കടുവ ഒടുവില്‍ കെണിയില്‍ കുടുങ്ങി

പുല്‍പ്പള്ളി: പുല്‍പ്പള്ളിക്കാര്‍ക്ക് ഇനി ആശ്വാസത്തോടെ ഉറങ്ങാം. ഒരു മാസത്തോളം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കെണിയില്‍ കുടുങ്ങി. പുല്‍പ്പള്ളി ടൗണിനോടടുത്തുള്ള പ്രദേശത്താണ് കടുവ ഭീതി പരത്തിയിരുന്നത്. 15 ഓളം ആടുകള്‍ ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയുമാണ് കടുവ ഇതിനോടകം ഇരയാക്കിയത്.

ഇതോടെ പുറത്തിറങ്ങാന്‍ പോലും പേടിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. ഈ ഭീതിക്കാണ് ഇപ്പോള്‍ ആശ്വസമായിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കടുവ വനം വകുപ്പ് ഒരുക്കിയ കെണിയില്‍ അകപ്പെട്ടത്. കടുവയെ പിടിക്കാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.

ഈ മാസം എട്ടിനാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. ഏതാണ്ട് ഒമ്പത് വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. കടുവയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version