പഞ്ചരത്നങ്ങളില്‍ മൂന്ന് പേര്‍ വിവാഹിതരായി; ‘കണ്ണന് കാണിക്കയായി സ്വര്‍ണ്ണത്തള’ അഞ്ച് മക്കളെ സമ്മാനമായി നല്‍കിയ കണ്ണന് എത്ര കൊടുത്താലും മതിവരില്ലെന്ന് അമ്മ രമാദേവി

ഗുരുവായൂര്‍: പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വെച്ച് വിവാഹിതരായി. രാവിലെ 7.45-നും 8.30-നുമുള്ള മുഹൂര്‍ത്തത്തിലാണ് ഉത്ര, ഉത്തര, ഉത്തമ എന്നിവര്‍ വിവാഹതിരായത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ വിവാഹം പിന്നീടാണ് നടത്തുക. നാലുപേരുടെയും പൊന്നാങ്ങള ഉത്രജനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചത്. ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ് ഈ അഞ്ചു മക്കളും. അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വര്‍ണത്തള കാണിക്കയായി നല്‍കി.

”കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ…” ക്ഷേത്രസന്നിധിയില്‍ പഞ്ചരത്‌നങ്ങളെ ചേര്‍ത്തുപിടിച്ച് രമാദേവി പറയുന്നു. ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്.

മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെബി മഹേഷ് കുമാറാണ് മിന്നണിയിച്ചത്. അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി വിനീതും വിവാഹം ചെയ്തു. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ തന്നെയാണ്. പെണ്‍മക്കളില്‍ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു തീരുമാനം. എന്നാല്‍, കൊറോണ വൈറസ് വ്യാപനവും മറ്റും വന്നതോടെ ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവെയ്ക്കുകയായിരുന്നു.

തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവര്‍ കുട്ടികളായിരിക്കേ പ്രേംകുമാര്‍ മരിച്ചു. പ്രതിസന്ധികളെ തരണം ചെയ്താണ് രമാദേവി തന്റെ അഞ്ച് മക്കളെ പഠിപ്പിച്ചതും ജോലി നേടി കൊടുത്തതും.

Exit mobile version