ലോക ട്രോമ ദിനത്തില്‍ കരിപ്പൂര്‍ വിമാനപകടത്തിലെ രക്ഷാപ്രവര്‍ത്തകരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആദരിച്ചു

കോഴിക്കോട്: ലോക ട്രോമ ദിനത്തില്‍, 2020 ല്‍ രാജ്യത്തെ ഏറ്റവും വലിയ ട്രോമയായ കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാദൗത്യം നടത്തിയവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ച കോഴിക്കോട് ജില്ലാ കളക്ടര്‍, മലപ്പുറം ജില്ലാ കളക്ടര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ മുതലായവരെയാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആദരപത്രം നല്‍കി ആദരിച്ചത്.

മലബാറിന്റെ നന്മയും സഹായ മനസ്തിതിയുമാണ് ഈ വലിയ അപകടത്തെ കൂടുതല്‍ വലിയ ദുരന്തമായി മാറാതെ കാത്തത് എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീ. സാംബശിവറാവു പറഞ്ഞു. ഔചിത്യബോധത്തോട് കൂടിയുള്ള ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും ഇടപെടലുകള്‍ എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ. ഗോപാലകൃഷ്ണന്‍ ഐഎഎസ് പറഞ്ഞു.
ടാക്‌സി ഡ്രൈവര്‍മാര്‍ക്കു വേണ്ടിയുള്ള സ്‌നേഹോപഹാരം ശ്രീ. സിദ്ദിഖ്, നാട്ടുകാരായ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സ്‌നേഹോപഹാരം ശ്രീ. സുരേഷ് ഇ. പി എന്നിവര്‍ ഏറ്റുവാങ്ങി. കോഴിക്കോട് ആസ്റ്റര്‍ മിംസിന് വേണ്ടി ഡോ. പ്രദീപ് കുമാര്‍ (ഓര്‍ത്തോപീഡിക് വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. വേണുഗോപാലന്‍ പി. പി(എമര്‍ജന്‍സി വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്) എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.

Exit mobile version