ഒരു വര്‍ഷമായി തലവേദന, മൈഗ്രേയ്ന്‍ എന്ന് കരുതി തള്ളി, പിന്നീട് അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍, ഒടുവില്‍ അവള്‍ യാത്രയായി; നഴ്‌സ് ഐശ്വര്യയുടെ മരണത്തില്‍ വേദനയോടെ സഹപ്രവര്‍ത്തകര്‍

കണ്ണൂര്‍: അപ്രതീക്ഷിതമായി വിട്ടുപോയ സഹപ്രവര്‍ത്തകയ്ക്ക് വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഡോ. അഭിഷേക് ശ്രീകുമാര്‍. നഴ്സ് ഐശ്വര്യയുടെ മരണത്തിലാണ് ഡോ. അഭിഷേക് ഫേസ്ബുക്കിലൂടെ ദുഃഖം പങ്കുവെച്ചത്. എയോര്‍ട്ടിക് ഡൈസക്ഷന്‍ എന്ന മാരകമായ രോഗാവസ്ഥയോട് പൊരുതിയാണ് ഐശ്വര്യ വിടവാങ്ങിയത്.

ദി മലയാളി ക്ലബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് ഡോ. അഭിഷേക് ആദരമര്‍പ്പിച്ച് കുറിപ്പ് പങ്കുവച്ചത്. മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ നഴ്സായിരുന്നു ഐശ്വര്യ. ഒരു വര്‍ഷമായി തുടരുന്ന തലവേദന കാരണം ഐശ്വര്യക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഡോ. അഭിഷേക് പറയുന്നു.

മൈഗ്രേയ്ന്‍ എന്ന് നിസാരമായി കരുതിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയിരുന്നു. അവസാന നിമിഷം വരെ ജീവനു വേണ്ടി പൊരുതിയ ഐശ്വര്യ ഒടുവില്‍ ഈ ലോകത്തു നിന്ന് യാത്രയായെന്നും അഭിഷേക് കുറിക്കുന്നു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് എയോര്‍ട്ടിക്ക് ഡൈസെക്ഷന്‍. എയോര്‍ട്ട എന്ന നാഡി രണ്ടായി പിളരുന്ന അവസ്ഥയാണിത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൊണ്ടാണ് ഇതു സംഭവിക്കുന്നത്.

Exit mobile version