ആകാശയാത്രക്കിടെ പ്രസവ വേദന, ഇന്‍ഡിഗോ വിമാനത്തില്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കി യുവതി, കുഞ്ഞിനെ കാത്തിരിക്കുന്നത് ആജീവനാന്ത സൗജന്യ യാത്ര?

ബംഗളൂരു: ആകാശയാത്രയ്ക്കിടെ വിമാനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം.

6 ഇ 122 വിമാനത്തില്‍ വെച്ചാണ് യുവതി കുഞ്ഞിനെ മാസം തികയുന്നതിന് മുമ്പ് പ്രസവിച്ചത്. വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ യുവതിയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വാര്‍ത്ത പുറത്ത് വന്നതോടെ കുഞ്ഞിന് ജീവിതകാലം മുഴുവനും ഇന്‍ഡിഗോയില്‍ സൗജന്യമായി യാത്രചെയ്യാനാകുമോ എന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍. എന്നാല്‍ സൗജന്യമായി യാത്രയുമായി ബന്ധപ്പെട്ട കാര്യത്തില്‍ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.

വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം. 2009ല്‍ എയര്‍ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്‌സും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സാജന്യയാത്ര പ്രഖ്യാപിച്ചിരുന്നു.

Exit mobile version