ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് ബിജെപി മുന്‍ ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

ആലത്തൂര്‍: ഇന്റര്‍നെറ്റില്‍ നിന്നും കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് ബിജെപി മുന്‍ ഐടി സെല്‍ കോ- ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍. ബിജെപി ആലത്തൂര്‍ മണ്ഡലം മുന്‍ ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന്‍ മുരളിയെയാണ്(28) ആലത്തൂര്‍ സിഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

കുട്ടികളുടെ നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഐ.ടി.ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു.

ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച 41 പേരാണ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ അറസ്റ്റിലായത്. സംസ്ഥാന പോലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Exit mobile version