പൊതിച്ചോര്‍ കെട്ടിവയ്ക്കാന്‍ ഇന്നലെ പറഞ്ഞിട്ട് പോയ മോനാണ്, അമ്മമാര്‍ കരഞ്ഞു പറയുന്നു, ആരു പറഞ്ഞു അവന്‍ അനാഥനാണെന്ന്, ഒരു നാട് മുഴുവന്‍ അവനുവേണ്ടി കരയുകയാണ്, മരണമില്ല സഖാവെ; വികാരഭരിതമായ കുറിപ്പ്

തൃശ്ശൂര്‍: മരത്തംകോട് ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിന്റെ മരണം ഒരു നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സനൂപിന് പുതുശ്ശേരി കോളനി തന്നെയായിരുന്നു വീട്. നാടിന് മുഴുവന്‍ പ്രിയപ്പെട്ടവനായിരുന്നു സനൂപ്.

സനൂപിനെ ‘തക്കുടു’ എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കോളനിയുടെയും നാടിന്റെയും എന്താവശ്യത്തിനും മുന്നില്‍ നില്‍ക്കുന്ന സനൂപിന്റെ മരണവാര്‍ത്ത കേട്ട് ഇപ്പോഴും കണ്ണുനിറയുകയാണ് നാട്ടുകാര്‍ക്ക്. സനൂപിന്റെ മരണത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഎ റഹീം.

പൊതിച്ചോര്‍ കെട്ടിവയ്ക്കാന്‍ ഇന്നലെ പറഞ്ഞിട്ട് പോയ മോനാണെന്ന് അമ്മമാര്‍ കരയുന്നു, ആര്‍ത്തലച്ചു കരയാത്ത, ഒന്ന് വിതുമ്പാത്ത ഒരാളെയും അവിടെ കാണാന്‍ കഴിഞ്ഞില്ല. എത്രമേല്‍ സനൂപ് നാടിന് പ്രിയപ്പെട്ടവനായിരുന്നു. കണ്ടു നിന്നവര്‍ക്ക് ആ ആത്മ ബന്ധത്തിന്റെ തീഷ്ണത മനസ്സിലാകും..വിതുമ്പുന്ന ചെറുപ്പം പറയുന്നത് കേട്ടു,ഞങ്ങടെ ചങ്കായിരുന്നു തക്കുടു- എന്ന് റഹീം ഫേസ്ബുക്കിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കത്തുന്നു ചിത.. അഗ്‌നിനാളങ്ങള്‍ക്കരികില്‍ സര്‍വ്വവും സാക്ഷിയായി നിളാ നദി. സനൂപ് ഇനി മനസ്സുകളില്‍ ആളിക്കത്തുന്ന അഗ്‌നി.

ഇന്നലെ അര്‍ദ്ധ രാത്രി പിന്നിടുമ്പോള്‍ ഓഫിസില്‍ നിന്നും വന്ന ഫോണ്‍ കോള്‍ ഉറക്കത്തില്‍ നിന്നും തട്ടിയുണര്‍ത്തി. ഉത്രാട രാത്രിയിലെ ഓര്‍മ്മ മാഞ്ഞിട്ടില്ല. ഇതുപോലെ അന്ന് വന്ന ഒരു ഫോണ്‍കോള്‍.ഹഖിനും മിഥിലാജിനും പിന്നാലെ ഇതാ സനൂപും.

ഒരു ‘അനാഥന്റെ’ മടക്കയാത്ര.
പക്ഷേ, ആ യാത്ര നാടിനെയാകെ അനാഥമാക്കിയത് പോല്‍ തോന്നി. സാധാരണക്കാരായ മനുഷ്യര്‍. അവരില്‍ ചിലര്‍ അലമുറയിട്ട് നിലവിളിക്കുന്നു. ആര്‍ത്തലച്ചു കരയാത്ത, ഒന്ന് വിതുമ്പാത്ത ഒരാളെയും കാണാന്‍ കഴിഞ്ഞില്ല. എത്രമേല്‍ സനൂപ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.കണ്ടു നിന്നവര്‍ക്ക് ആ ആത്മ ബന്ധത്തിന്റെ തീഷ്ണത മനസ്സിലാകും..
വിതുമ്പുന്ന ചെറുപ്പം പറയുന്നത് കേട്ടു,ഞങ്ങടെ ചങ്കായിരുന്നു തക്കുടു.

പൊതിച്ചോര്‍ കെട്ടിവയ്ക്കാന്‍ ഇന്നലെ പറഞ്ഞിട്ട് പോയ മോനാണ്..
അമ്മമാര്‍ കരയുന്നു.

‘അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സഹോദര്യം നല്‍കി”
പബ്ലോ നെരൂദയുടെ വരികളാണ്.
‘എന്റെ രാഷ്ട്രീയ കക്ഷിക്ക്’എന്ന കവിത.

അറിയപ്പെടാത്തവരുമായുള്ള സൗഹൃദം. അതിരുകളില്ലാത്ത സഹോദര്യം.ഹൃദയം കൊണ്ടെഴുതിയ ആത്മബന്ധങ്ങള്‍. അനാഥനെ സനാഥനക്കുന്ന മാന്ത്രികത.

സനൂപിന്റെ രാഷ്ട്രീയ കക്ഷി,
അവന്റെ യുവജന സംഘടന രണ്ടും അവനെ നാടിന് പ്രിയപ്പെട്ടവനാക്കി.

നടന്ന വഴികളില്‍ ത്യാഗത്തിന്റെ പാദമുദ്രകള്‍.
ആര്‍ എസ് എസി നെതിരായ ധീരത. വിശപ്പ് മാറ്റാനും, രക്തം നല്‍കാനും, ആക്രി പെറുക്കിയും അധ്വാനിച്ചും നാടിനെ ഊട്ടാനും,നടക്കുമ്പോള്‍,
നാട് കാണുന്നുണ്ടായിരുന്നു അവനറിയാതെ,അവന്റെ ധീരതയും ത്യാഗവും നന്മയും.

ജീവിതത്തിലെ അവസാന ദിവസവും
അവന്‍ കര്‍മ്മ നിരതനായിരുന്നു. ഊര്‍ജസ്വലനായ, നാടിന്റെ നന്മയായ ഡിവൈഎഫ്‌ഐ ക്കാരന്‍. ഒരു വിളി കേട്ടാല്‍ ഓടി എത്തുന്നവന്‍.

കര്‍മ്മ മണ്ഡലത്തില്‍
രേഖപ്പെടുത്തുന്ന ഓരോ ചുവടും നമുക്ക് പുതിയ ബന്ധങ്ങള്‍ നല്‍കുന്നു.
നമ്മള്‍ അറിയാതെ അവര്‍ ഓരോ സഖാവിനെയും ചേര്‍ത്തു നിര്‍ത്തുന്നു.
പലപ്പോഴും രക്ത ബന്ധങ്ങളെക്കാള്‍ ശക്തമായ ബന്ധങ്ങള്‍. സനൂപ് ജീവിച്ചു തീര്‍ത്തത്,ഒരുപാട് അമ്മമാര്‍ക്ക് നടുവിലയിരുന്നു. ഒത്തിരി സഹോദര്യങ്ങള്‍ക്ക് ചുറ്റുമായിരുന്നു.

ഭാരതപ്പുഴ തഴുകി വരുന്ന ഇളം കാറ്റിന് ഇന്ന് കണ്ണുനീരിന്റെ നനവ്.
ഈ തീ നാളങ്ങളില്‍ നീ ഇന്നലെ വരെ വിളിച്ച മുദ്രാവാക്യത്തിന്റെ ചൂട്.

നിളയുടെ തീരംവിട്ട് കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ഇത് എഴുതി തുടങ്ങിയത്. ഇപ്പോള്‍ ഹൈവേയിലൂടെ എറണാകുളത്തേയ്ക്ക് കാര്‍ വേഗത കൂട്ടുന്നു. അവിടെ,നിന്റെ ചിതയിലെ കനല്‍ ഇപ്പോഴും ഒടുങ്ങിയിട്ടുണ്ടാകില്ല.

മരണമില്ലാത്ത സഖാവെ,
ഇനി വരും തലമുറ നിന്റെ ധീരതയെ ഓര്‍ക്കും.

കത്തുന്ന ചിത സാക്ഷി,സംഘപരിവാര്‍ ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കില്ല.
ഈ പതാക താഴ്ത്തില്ല. നീ വിളിച്ച മുദ്രാവാക്യങ്ങള്‍ നിലക്കുകയുമില്ല.

കാലം സാക്ഷി,
ചരിത്രവും നിളയും സാക്ഷി……

Exit mobile version