‘അച്ഛനൊരു കട്ടില്‍ വേണം, കടം വീട്ടാതെ സാധനം തരില്ലെന്ന് കടക്കാരും’; ഒത്തിരി ‘ചെറിയ’ ആഗ്രഹങ്ങളുമായി പപ്പട വില്‍പ്പനയ്ക്ക് ഇറങ്ങി ഈ കുരുന്ന്, അമീഷിന്റെ പപ്പടം വില്‍പ്പന വീട്ടുകാര്‍ അറിയാതെയും

കൊച്ചി: ”അച്ഛനൊരു കട്ടില്‍ വേണം. ഞങ്ങളുടെ കടങ്ങള്‍ വീട്ടണം” വീട്ടുകാര്‍ അറിയാതെ പപ്പടം വില്‍പ്പനയ്ക്ക് ഇറങ്ങിയ 10 വയസുകാരന്‍ അമീഷിന്റെ വാക്കുകളാണ് ഇത്. രാവിലെ അമ്മ വീട്ടുജോലിക്ക് പോകുന്നതിനു പിന്നാലെയാണ് സൈക്കിളുമെടുത്ത് അമീഷ് പപ്പട വില്‍പ്പനയ്ക്ക് ഇറങ്ങിയത്. സൈക്കിളിന്റെ ഹാന്‍ഡിലില്‍ തൂക്കിയ സഞ്ചിയില്‍ ചേച്ചി അഭിരാമി പപ്പടം എടുത്താണ് അമീഷ് ഇറങ്ങുന്നത്.

തിരിച്ചെത്തിയാല്‍ ഓണ്‍ലൈനില്‍ പഠനം. വൈകീട്ട് സമയം കിട്ടിയാല്‍ പിന്നെയും കുറച്ചുനേരം പപ്പടം വില്‍ക്കല്‍. എന്തിനാണിതൊക്കെ എന്നു ചോദിക്കുമ്പോഴാണ് കണ്ണ് നിറയിക്കുന്ന മറുപടി ഈ കൊച്ചുമിടുക്കന്‍ നല്‍കുന്നത്. പറവൂര്‍ ചെറിയ പല്ലംതുരുത്ത് ഷാജിയുടേയും പ്രമീളയുടേയും മകനായ അമീഷ്, അച്ഛന്‍ സൈക്കിളില്‍നിന്നുവീണ് കിടപ്പിലായതോടെയാണ് ജീവിതം പുലരാന്‍ പപ്പടം വില്‍ക്കാനിറങ്ങിയത്.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ഷാജി. ഒരു വര്‍ഷംമുമ്പാണ് സൈക്കിളില്‍നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ് കിടപ്പിലായത്. പ്രമീള വീട്ടുജോലിക്കു പോയിത്തുടങ്ങിയെങ്കിലും ചെറിയ വരുമാനത്തില്‍ ജീവിതം വലിയ പ്രതിസന്ധിയില്‍ത്തന്നെ തുടരുകയായിരുന്നു. തങ്ങള്‍ അറിയാതെയാണ് അമീഷ് പപ്പടം വില്‍ക്കാന്‍ തുടങ്ങിയതെന്ന് അമ്മ പ്രമീള പറയുന്നു. ഞാന്‍ രാവിലെ വീട്ടുജോലിക്കുപോയി തിരിച്ചുവരുമ്പോള്‍ പലപ്പോഴും മോനെ വീട്ടില്‍ കാണാറില്ലായിരുന്നു. ഉച്ചയാകുമ്പോഴേക്കും സൈക്കിളില്‍ വെട്ടിവിയര്‍ത്ത് അവന്‍ തിരിച്ചെത്തുന്നതു കണ്ടപ്പോള്‍ സംശയമായി. അങ്ങനെ ചോദിച്ചപ്പോഴാണ് പപ്പടം വില്‍ക്കാന്‍ പോകുന്ന കാര്യം അവന്‍ എന്നോടു പറഞ്ഞത്.

അയല്‍പക്കത്തെ ഒരു ചേട്ടനാണ് അവന് പപ്പടം എത്തിച്ചുകൊടുത്തിരുന്നതെന്നും പ്രമീള കൂട്ടിച്ചേര്‍ത്തു. കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി അമീഷ് പപ്പടം വില്‍ക്കുന്നതറിഞ്ഞ് ചില സുമനസ്സുകള്‍ വീട്ടിലേക്ക് കട്ടില്‍ വാങ്ങി നല്‍കുകയും ചെയ്തു. ഈ പ്രായത്തില്‍ എന്റെ മോന്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി പപ്പടം വില്‍ക്കാന്‍ നടക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്ന് പിതാവ് പറഞ്ഞപ്പാടെ അച്ഛന്‍ വിഷമിക്കേണ്ട, പപ്പടം വിറ്റു വന്നിട്ട് ഞാന്‍ പഠിക്കുന്നുണ്ടല്ലോ എന്ന് മറുപടിയും അമീഷിന്റെ ഭാഗത്ത് നിന്നു വന്നു. ആ നിഷ്‌കളങ്കതയാണ് ഇന്ന് പലരുടെയും കണ്ണുകളെ ഈറനണിയിക്കുന്നത്.

അപ്പോഴും ചെറുചിരിയോടെ അമീഷ് പുറത്തേയ്ക്ക് വിരല്‍ ചൂണ്ടി കാണിച്ചിട്ട് പറയുന്നു;

”ദാ അവിടെയുള്ള വീട്ടുകാരോടൊക്കെ അമ്മ കടം വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കടയില്‍ ചെന്നാലും കടം തീര്‍ക്കാതെ ഇനി സാധനങ്ങള്‍ തരില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ വീട്ടാന്‍ ഞാന്‍ പപ്പടം വില്‍ക്കാന്‍ പോകുന്നതില്‍ തെറ്റുണ്ടോ?

Exit mobile version