ആലുവയിലെ ജെഫി സേവ്യറിന്റെ കടയില്‍ കാന്‍സര്‍ രോഗികള്‍ക്ക് പച്ചക്കറി സൗജന്യം; ഇത് നന്മയുടെ മുഖം

ആലുവ: നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കി പച്ചക്കറി കടയുടമ ജെഫി സേവ്യര്‍. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ജെഫി തന്റെ സഹായം നല്‍കി കൊണ്ടേയിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് ജെഫിയുടെ സഹായം എത്തിയിട്ടുള്ളത്. എന്നാല്‍ ഇത് മാത്രമല്ല, പണമായും തന്നാല്‍ കഴിയുന്ന വിധം സഹജീവകളെ ചേര്‍ത്തുപിടിക്കുകയാണ് ജെഫി.

ഇത്തരമൊരു ഉദ്യമത്തിലേക്ക് ജെഫി എത്തിയതിന് പിന്നിലും കണ്ണുകളെ ഈറനണിയിക്കുന്ന ഒരു കഥ കൂടിയുണ്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജെഫി ആലുവയില്‍ പച്ചക്കറി കട ആരംഭിക്കുന്നത്. പതിവ് പോലെ കടപൂട്ടിയറങ്ങുമ്പോഴാണ് ജെഫിയുടെ ഉള്ളുലയ്ക്കുന്ന ഒരു കാഴ്ച അദ്ദേഹം കാണുന്നത്. ഉപയോഗശൂന്യമായ പച്ചക്കറിക്കൂനയില്‍ തെരയുന്ന ഒരു മനുഷ്യന്റെ കാഴ്ച.

ജെഫി ഈ വ്യക്തിയുടെ അടുത്തെത്തി കാര്യം തിരക്കി. തന്റെ ഭാര്യയ്ക്ക് കാന്‍സറാണെന്നും, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടാണ് ഉപയോഗിക്കാന്‍ പറ്റിയ പച്ചക്കറികള്‍ ഇക്കൂട്ടിത്തിലുണ്ടോ എന്നറിയാന്‍ തെരഞ്ഞുനോക്കിയതെന്നും ഇയാള്‍ ജെഫിയോട് പറഞ്ഞു. അതില്‍ പിന്നെയാണ് നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കുമെന്ന തീരുമാനത്തില്‍ ജെഫി എത്തിയത്.

Exit mobile version