സര്‍ക്കാരിനെ ഞങ്ങള്‍ക്ക് വിശ്വാസമില്ല, ഫോണുകളടക്കം പിടിച്ചെടുത്തു, ഈ ഗ്രാമത്തില്‍ ഞങ്ങള്‍ സുരക്ഷിതരല്ല; മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ച് പറഞ്ഞ് ഹത്രാസിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

ന്യൂഡല്‍ഹി: തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെക്കുറിച്ചും ദുരിതജീവിതത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറഞ്ഞ് ഹത്രാസിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പോലീസുകാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തുവെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം, പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന പ്രസ്താവന പെണ്‍കുട്ടിയുടെ പിതാവ് നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് കുടുംബാംഗങ്ങള്‍ നിഷേധിച്ചു.

‘അന്വേഷണത്തില്‍ ഞങ്ങള്‍ സംതൃപ്തരല്ല. ഈ ഗ്രാമത്തില്‍ ഞങ്ങള്‍ സുരക്ഷിതരല്ല. നിരന്തരം ഭീഷണികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പൊലീസിനെയോ സര്‍ക്കാരിനെയോ ഞങ്ങള്‍ക്കു വിശ്വാസമില്ല.’ – പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴിമാറ്റാന്‍ ജില്ലാ കലക്ടര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഹത്രസ് ജില്ലാ കലക്ടര്‍ പ്രവീണ്‍ ലസ്‌കര്‍ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ പുറത്തു വന്നു. ‘മാധ്യമപ്രവര്‍ത്തകരില്‍ പകുതി പോയിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ അടുത്ത ദിവസം പോകും. പിന്നെ ഞങ്ങള്‍ മാത്രമേ കാണൂ. മൊഴി മാറ്റണോ എന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്’- പ്രവീണ്‍ ലസ്‌കറിന്റെ ശബ്ദം വിഡിയോയില്‍ കേള്‍ക്കാം.

Exit mobile version