രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത് കേരളം; ഇന്ത്യ ടുഡേയുടെ ഹെല്‍ത്ഗിരി പുരസ്‌കാരം കേരളത്തിന്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതിനുള്ള ഇന്ത്യ ടുഡേയുടെ ഹെല്‍ത്ഗിരി പുരസ്‌കാരം കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളത്തിന്റെ നേട്ടം.

കൊവിഡ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഇന്ത്യ ടുഡേ വിലയിരുത്തി. കേരളത്തിലെ കൊവിഡ് ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍, കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയായിരുന്നു പുരസ്‌കാര നിര്‍ണയം.

മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച ചികിത്സ നല്‍കുന്നതിലും ഐസോലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും നടത്തിയ കൃത്യത,
ടെസ്റ്റിംഗ്, സംസ്ഥാന ഗവണ്മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളും ഇന്ത്യ ടുഡേ ജൂറി പരിഗണിച്ചിരുന്നു. നൂറില്‍ 94.2 പോയിന്റ് നേടിയാണ് കേരളം പുരസ്‌കാരം സ്വന്തമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരസ്‌കാരം വിതരണം ചെയ്യും.

Exit mobile version