കൊല്ലം ചാത്തന്നൂരില്‍ ഇനി ഭീതി വേണ്ട; അക്രമാസക്തനായ കരടി ഒടുവില്‍ കെണിയില്‍ വീണു

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ മാസങ്ങളായി ഭീതി പരത്തിയ കരടി ഒടുവില്‍ കെണിയില്‍ വീണു. ചാത്തന്നൂര്‍ കാരംകോട് സ്പിന്നിങ് മില്‍ കോമ്പൗണ്ടിലായിരുന്നു ആദ്യം കെണി സ്ഥാപിച്ചിരുന്നത്. എന്നാല്‍, നാവായിക്കുളത്ത് കരടി വരാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച മൂന്നുമണിയോടെ കെണി ഇവിടേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം പള്ളിക്കുളം നാവായിക്കുളത്ത് വനംവകുപ്പ് കെണി സ്ഥാപിച്ചത്. ഇതില്‍ കരടി കുടുങ്ങുകയായിരുന്നു.

നാവായിക്കുളം ഭാഗത്ത് തേനീച്ചക്കൃഷി നടത്തുന്ന ഒരു വീട്ടിലെ റബര്‍ തോട്ടത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി കരടിയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു. ഈ തോട്ടത്തില്‍ തേനീച്ച കൃഷിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കെണി മാറ്റിവെച്ചത്. ഇന്നു രാവിലെയാണ് കരടി കെണിയില്‍ വീണത്.

കരടി അക്രമാസക്തനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരടിയെ ഭരതന്നൂരിലേക്ക് മാറ്റിയിരിക്കുകയാണ്. കരടിയെ കാട്ടിലേക്ക് തുറന്നുവിടണോ അതോ മൃഗശാലയ്ക്ക് കൈമാറണോ എന്ന കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version