മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; തുറമുഖങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ മത്സ്യ ഉത്പാദനം വലിയ തോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വീഡിയോ കോണ്‍ഫസന്‍സിലൂടെയാണ് തുറമുഖത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ മത്സ്യ ഉത്പാദനം വലിയ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ 500 കോടി രൂപ വിലമതിക്കുന്ന 20000 ടണ്‍ മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ഏകദേശം 19000 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഹാര്‍ബര്‍ പ്രയോജനപ്പെടുക.66.07 കോടി രൂപയാണ് കൊയിലാണ്ടി തുറമുഖത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മഞ്ചേശ്വരം ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ 250 കോടി രൂപയുടെ 10000 ടണ്‍ മത്സ്യം ലഭിക്കുന്നതിന് അവസരമുണ്ടാവും. പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്കാണ് തുറമുഖം ഗുണം ചെയ്യുക.48.13 കോടി രൂപയാണ് മഞ്ചേശ്വരം തുറമുഖത്തിന്റെ നിര്‍മാണ ചെലവ്. തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ഏറെ പ്രാമുഖ്യം നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തെ 24 മത്സ്യബന്ധന തുറമുഖങ്ങളില്‍ 13 എണ്ണമാണ് പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നത്. ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ തുറമുഖങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയത്. മുതലപ്പൊഴി, ചേറ്റുവ, തലായി തുറമുഖങ്ങള്‍ നേരത്തെ കമ്മീഷന്‍ ചെയ്തിരുന്നു. നിലവില്‍ 18 തുറമുഖങ്ങള്‍ പ്രവര്‍ത്തനസജ്ജമാണ്. ചെല്ലാനം, വെള്ളയില്‍, താനൂര്‍ തുറമുഖങ്ങള്‍ കൂടി ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനാവശ്യമായ വിഹിതം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ 50 മുതല്‍ 75 ശതമാനം വരെ കേന്ദ്ര സഹായം ലഭിച്ചിരുന്നു. പിന്നീട് കേന്ദ്രസഹായത്തില്‍ കുറവ് വന്നു. കേന്ദ്രത്തിന്റെ ഈ നയം തിരുത്തേണ്ടതാണ്. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു. തീരദേശത്തെ പശ്ചാത്തല സൗകര്യ വികസനത്തിന് മഞ്ചേശ്വരം തുറുമുഖത്തിന്റെ 17.80 കോടി രൂപ ഉള്‍പ്പെടെ 57.14 കോടി രൂപയുടെ കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ല. എന്നാല്‍ ഇതുകാരണം പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version