ഐടി മേഖലയില്‍ നിന്നും ജോലി രാജിവെച്ച് കളിമണ്‍പാത്രങ്ങള്‍ വില്‍ക്കാനിറങ്ങി; പ്രജിന മാസം സമ്പാദിക്കുന്നത് 60000 രൂപയോളം

കൊച്ചി: ”ഐടി ഉപേക്ഷിച്ച് ഞാന്‍ മണ്‍പാത്രങ്ങളുടെ വില്പന ആരംഭിക്കുകയാണ്” ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഇങ്ങനെ പറഞ്ഞാല്‍ ആദ്യം ആരുമൊന്നും ഞെട്ടും. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഞെട്ടുന്നത് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനിയായ പ്രജിന ദീപക്കിന് തന്റെ സ്വന്തം സംരംഭത്തിലൂടെ ലഭിക്കുന്ന വരുമാനം കേട്ടാണ്.

ഐടി മേഖലയില്‍ നിന്നും ജോലി രാജി വച്ച് മണ്‍പാത്രങ്ങളുടെ വില്പന ആരംഭിച്ച പ്രജിന മാസം സമ്പാദിക്കുന്നത് 60000 രൂപയോളമാണ്. പ്രജിനയ്ക്ക് താന്‍ തിരഞ്ഞെടുത്ത മേഖലയെപ്പറ്റിയും ആരംഭിക്കാന്‍ പോകുന്ന സംരംഭത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു.

മഡ് ആന്‍ഡ് ക്ലേ എന്ന പേരില്‍ പ്രജിന ആരംഭിച്ച സ്ഥാപനത്തിലൂടെ മായം ചേര്‍ക്കാത്ത കളിമണ്‍ പത്രങ്ങളാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.യഥാര്‍ത്ഥ കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമല്ലെന്നും കളിമണ്ണ് എന്ന വ്യാജേന റെഡ് ഓക്‌സൈഡ് ചേര്‍ത്ത പാത്രങ്ങളാണ് വിപണിയില്‍ എത്തുന്നത് എന്നും മനസിലാക്കിയതിനെ തുടര്‍ന്നാണ് പ്രജിന ദീപക് മഡ് ആന്‍ഡ് ക്ലേ എന്ന സംരംഭം ആരംഭിക്കുന്നത്.

”കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങളില്‍ പാചകം ചെയ്യുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമായാണ്. എന്നാല്‍ പകരം റെഡ്ഓക്‌സൈഡ് ചേര്‍ത്ത പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യത്തിന് പ്രതികൂല ഫലം ചെയ്യും. പണം ചെലവാക്കി രോഗങ്ങള്‍ വിളിച്ചു വരുത്തുന്നതിന് തുല്യമാണ് അത്. അതിനാലാണ് കളിമണ്‍ പാത്രനിര്‍മാതാക്കളില്‍ നിന്നും പുതുമയാര്‍ന്ന ഡിസൈനുകള്‍ നല്‍കി ഉണ്ടാക്കിയെടുക്കുന്ന പാത്രങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്’ പ്രജിന പറയുന്നു.

മഡ് ആന്‍ഡ് ക്ലേ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രജിന കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കളിമണ്‍ പാത്ര നിര്‍മാതാക്കളെ പോയി കാണുകയും. അവര്‍ കളിമണ്ണ് ശേഖരിച്ച് പാത്രങ്ങള്‍ നിര്‍മിക്കുന്ന രീതി നേരില്‍ കണ്ട് മനസിലാക്കുകയൂം ചെയ്തു. അതിനു ശേഷമാണ് മഡ് ആന്‍ഡ് ക്ലേ എന്ന സംരംഭത്തെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.

2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തില്‍ നിന്നും പ്രതിമാസം 60000 രൂപ വരെ വരുമാനം നേടാന്‍ പ്രജിനയ്ക്ക് കഴിയുന്നുണ്ട്. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനോടൊപ്പം വിപണിയില്‍ മതിയായ വില ലഭിക്കാതെ ഇടനിലക്കാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന കളിമണ്‍ പത്ര നിര്‍മാതാക്കള്‍ക്ക് പ്രജിന ഒരു അത്താണിയാകുകയും ചെയ്യുന്നു.

Exit mobile version