“പൊളിക്കുന്നത് അഴിമതിക്കൂടാരമാണ്, അതുമിതും പറഞ്ഞു തിരിച്ചുവരാമെന്ന അതിമോഹമാണ്”: പരിഹസിച്ച് എംഎം മണി

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ച് മന്ത്രി എംഎം മണി. പൊളിക്കുന്നത് യുഡിഎഫ് അഴിമതിക്കൂടാരമാണ്, അതുമിതും പറഞ്ഞു തിരിച്ചുവരാമെന്ന അതിമോഹമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംഎം മണിയുടെ പരിഹാസം.

‘പൊളിക്കുന്നത് പാലാരിവട്ടം പാലമാണ്.പൊളിഞ്ഞു തുടങ്ങുന്നത് യുഡിഎഫ് അഴിമതിക്കൂടാരമാണ്, അതുമിതും പറഞ്ഞു തിരിച്ചുവരാമെന്ന അതിമോഹമാണ്.ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. പാലാരിവട്ടം ആവര്‍ത്തിക്കാന്‍ അവര്‍ അനുവദിക്കില്ല.’- പാലം പൊളിച്ച് തുടങ്ങുന്ന ചിത്രം പങ്കിട്ട് അദ്ദേഹം പറഞ്ഞു.

പാലത്തിന്റെ ടാറിങ്ങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റിയാണ് പൊളിക്കുന്നതിന് തുടക്കമിട്ടത്. ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാറ്റ്‌സ് സൊസൈറ്റിയാണ് നിര്‍മാണജോലികള്‍ ചെയ്യുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പാലാരിവട്ടത്തെ അഴിമതി പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമായത്. എട്ട് മാസത്തിനകം പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Exit mobile version