കുടുംബം പുലര്‍ത്താന്‍ ബാര്‍ബറായി, ജോലിക്കിടെ സമയം കണ്ടെത്തി പഠിച്ചു, അഭിഭാഷകനായി എന്റോള്‍ ചെയ്ത് സുമേഷ്; നാട്ടുകാരുടെ അഭിനന്ദന പ്രവാഹം

കോതമംഗലം: കുടുംബം പുലര്‍ത്താന്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്ത സുമേഷിന്റെ കൈകളില്‍ ഇനി കത്രികയ്ക്കും ചീര്‍പ്പിനും പകരം വക്കാലത്തുകള്‍ നിറയും. ജോലി ചെയ്യുന്നതിനിടെയിലും പഠനം കൈവിടാതിരുന്ന സുമേഷ് ശനിയാഴ്ച അഭിഭാഷകനായി എന്റോള്‍ ചെയ്തു.

തൃക്കാരിയൂര്‍ തുളുശ്ശേരിക്കവലയ്ക്ക് സമീപം അറാക്കല്‍ പുത്തന്‍പുരയില്‍ രാജുവിന്റെ മകനാണ് സുമേഷ്. വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണം സുമേഷിന്റെ പഠനം പ്ലസ് ടുവോടെ നിലച്ചതാണ്. കുടുംബം പുലര്‍ത്താന്‍ ഒടുവില്‍ അച്ഛന്റെ സഹായിയായി ബാര്‍ബര്‍ ഷോപ്പിലേക്ക് എത്തി. അതിനിടെ അച്ഛന്‍ നിത്യരോഗിയായി.

അതോടെ, ബാര്‍ബര്‍ഷോപ്പ് ഏറ്റെടുത്തു. ബാര്‍ബറായി ജോലി ചെയ്യുമ്പോഴും പഠിച്ച് നല്ലനിലയിലെത്തണമെന്ന ആഗ്രഹം സുമേഷിന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ജോലിക്കിടെ പഠനത്തിന് സമയം കണ്ടെത്തിയ സുമേഷ് ബിരുദവും പിന്നീട് എല്‍.എല്‍.ബി.യും കരസ്ഥമാക്കി.

കോളേജില്‍ പോയി പഠിക്കണമെന്ന മോഹം നടന്നില്ലെങ്കിലും 24-ാം വയസില്‍ പ്രൈവറ്റായി ബി.എ. ഇക്കണോമിക്‌സ് പാസായി. 30-ാം വയസില്‍ എല്‍.എല്‍.ബി. എന്‍ട്രന്‍സ് എഴുതിയെടുത്തു. തൊടുപുഴ ലോ കോളേജില്‍ പ്രവേശനം നേടി.രാവിലെ കോളേജില്‍ പോയി വൈകിട്ട് നാലരയോടെ തിരിച്ചെത്തി രാത്രി വരെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി.

തുടര്‍ന്ന് വീട്ടിലെത്തി ഒന്നരവരെ പഠനം. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് തലേന്ന് പഠിച്ചത് മറിച്ചുനോക്കി വീണ്ടും കോളേജിലേക്ക്. ജൂലായില്‍ എല്‍.എല്‍.ബി. പരീക്ഷാഫലം വന്നപ്പോള്‍ സുമേഷിന് ഉന്നത വിജയം.
എറണാകുളത്തോ പെരുമ്പാവൂരോ പ്രാക്ടീസ് ചെയ്യാനാണ് സുമേഷിന്റെ ആഗ്രഹം.

സുമേഷിന്റെ നേട്ടം നാട്ടുകാരും ആഘോഷിക്കുകയാണ്. രാവിലെ മുതല്‍ നേരിട്ടും ഫോണിലൂടെയും സുമേഷിന് അഭിനന്ദനം അറിയിച്ചത് നിരവധി പേരാണ്

Exit mobile version