ആഴക്കടലില്‍ പുതിയ കൊഞ്ച്; പേര് തിക്കോടി സ്വദേശി ഡോ. ബിനീഷിന്റേത്

തിക്കോടി: ആഴക്കടലില്‍ നിന്ന് പുതുതായി കണ്ടെത്തിയ കൊഞ്ചിന് തിക്കോടി സ്വദേശി കിണറ്റുംകര ഡോ. ബിനീഷിന്റെ പേര്. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അന്തമാന്‍ നിക്കോബാര്‍ ദ്വീപിനടുത്ത ആഴക്കടലില്‍ നിന്ന് പുതുതായി കണ്ടെത്തിയ കൊഞ്ചിനാണ് ഡോ. ബിനീഷിന്റെ പേരുനല്കിയത്.

‘പാര മുനിഡാ ബിനീഷി’ എന്നാണ് കൊഞ്ചിന് നാമകരണം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ മത്സ്യഗവേഷകനും സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനുമായ ഡോ. ബിനീഷിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഈ പേര് നല്‍കിയിരിക്കുന്നത്.

2016-ല്‍ ഇദ്ദേഹം നടത്തിയ ആഴക്കടല്‍ പര്യവേക്ഷണത്തിലാണ് ഈ പുതിയ ഇനം കൊഞ്ചിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര നിലവാരമുള്ള 125 ഓളം ലേഖനങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 16 പുതിയ മീനുകളെയും ഒരു മീന്‍ പരാദത്തെയും കണ്ടെത്തിയിട്ടുണ്ട്.

അന്തമാന്‍ നിക്കോബാറിലെ 320 മീറ്റര്‍ ആഴക്കടലില്‍നിന്നാണ് പുതിയ സ്പീഷിസ് കണ്ടെത്തിയത്. വിശദാംശങ്ങള്‍ അന്താരാഷ്ട്ര ജേണലായ ‘സൂക്കി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ബിനീഷിന് 2015-ല്‍ കേന്ദ്രകൃഷിമന്ത്രാലയം മികച്ച യുവശാസ്ത്രജ്ഞര്‍ക്കുള്ള ജവാഹര്‍ലാല്‍ നെഹ്രു അവാര്‍ഡ് നല്കിയിട്ടുണ്ട്.

ഐ.യു.സി.എന്‍. സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗമാണ്. ഇന്ത്യന്മഹാസമുദ്രത്തില്‍ നിന്ന് കണ്ടെത്തിയ രണ്ട് പുതിയ മത്സ്യങ്ങളായ പെഷറീസ് ബിനീഷി, മാകുലോ ബാറ്റിസ് ബിനീഷി എന്നീ മത്സ്യങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ പേരാണ് നല്കിയിട്ടുള്ളത്. എയര്‍ഹോസ്റ്റസായ സരയുവാണ് ഭാര്യ. ദ്രോണ ബിനീഷ്, ഹിമപാര്വതി എന്നിവര്‍ മക്കളാണ്.തിക്കോടി കിണറ്റുംകര കുമാരന്റെയും നാരായണിയുടെയും മകനാണ്.

Exit mobile version