തിരുവനന്തപുരം: സ്ത്രീകളുടെ കൈയ്യേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് യൂട്യൂബര്‍ വിജയ് പി നായര്‍. മാപ്പ് പറഞ്ഞുകൊണ്ടാണ് വിജയ് പി നായര്‍ പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നെ ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും ഞാന്‍ സ്ത്രീകളോട് മാപ്പ് പറഞ്ഞുവെന്നും വിജയ് പ്രതികരിച്ചു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താന്‍ കരുതിയില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. എന്റെ ലാപ്‌ടോപ്പും മൊബൈലും ആക്രമിച്ചവര്‍ കൊണ്ടുപോയതായും വിജയ് പറയുന്നു.
ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്നാണ് വിജയ് പി നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി നായരെ ആക്രമിച്ചത്.
ഇയാളെ കരി ഓയില്‍ പ്രയോഗം നടത്തിയ ശേഷം ഇവര്‍ പലവട്ടം മുഖത്തടിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകള്‍ക്ക് നേരെയും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാരെത്തിയത്. വിജയ് പി നായര്‍ യൂട്യൂബില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമര്‍ശിക്കാതെ അവര്‍ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമര്‍ശങ്ങള്‍. ഇതില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയത്.