എന്‍കെ പ്രേമചന്ദ്രന്‍ എംപി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ വസതിയില്‍ ഐസൊലേഷനില്‍ തുടരും. പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ നടന്ന കൊവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

ഈ മാസം 20 -ാം തീയതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രേമചന്ദ്രന് പുറമെ 43 എംപിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. ഇന്ന് 7006 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ് ജില്ലകളില്‍ അഞ്ഞൂറിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിരീകരിക്കുന്ന മരണങ്ങളുടെ എണ്ണവും ഉയരുന്നുണ്ട്.

ഇന്ന് 21 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 656 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. 93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version