അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ചു; വര്‍ഷങ്ങള്‍ മുന്‍പ് എടുത്ത 50,000 രൂപ പെരുകി ഇന്ന് നാലര ലക്ഷം, ഒപ്പം ജപ്തി ഭീഷണിയും; സുമനസുകളുടെ സഹായം തേടി രഞ്ജിത് കുമാര്‍

വൈക്കം: കിടപ്പിലായ അമ്മയെ പരിചരിക്കാന്‍ ജോലി ഉപേക്ഷിച്ച യുവാവ് കടക്കണിയുടെ ദുരിതത്തില്‍. വൈക്കം വെച്ചൂര്‍ സ്വദേശി കാവിതാഴത്ത് രഞ്ജിത്കുമാര്‍ ആണ് അമ്മയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് കാവല്‍ ഇരിക്കുന്നത്. ഇപ്പോള്‍ അമ്മയുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ് രഞ്ജിത് കുമാര്‍. ഇപ്പോള്‍ ജപ്തി ഭീഷണിയും നേരിടുകയാണ്.

2018ല്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് 67കാരിയായ വസുമതി കിടപ്പിലായത്. നാടെങ്ങും പ്രളയത്തിലായതിനാല്‍ ശസ്ത്രക്രിയ മാറ്റിവെച്ച് ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഇതിനിടെ മുതുകില്‍ വൃണമുണ്ടായി ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ വീണ് ഇടുപ്പിന് പരുക്കേറ്റതോടെ പൂര്‍ണമായും കിടപ്പിലാവുകയും ചെയ്തു.

ഓട്ടോ ഡ്രൈവറായ രഞ്ജിത്തിന് ജോലി ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം തുടരേണ്ടിവന്നു. വരുമാനമില്ലാതെ വന്നതോടെ നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍ കഴിയുന്നത്. ഇതിനിടയില്‍ പിതാവ് ആറ് വര്‍ഷം മുന്‍പ് അമ്പതിനായിരം രൂപ ബാങ്ക് വായ്പ എടുത്തത് നാലര ലക്ഷമായി പെരുകി കിടപ്പാടം ജപ്തി ഭീഷണിയില്‍ എത്തുകയായിരുന്നു.

പഞ്ചായത്ത് പാലിയേറ്റീവ് വിഭാഗത്തിന്റെ പരിചരണം മാസത്തില്‍ ഒരു തവണ കിട്ടുന്നതാണ് ഏക സഹായം. വിദഗ്ദ്ധ ചികില്‍ ലഭിച്ചാല്‍ അമ്മ വസുമതിക്ക് എഴുന്നേല്‍ക്കാന്‍ കഴിയും. എന്നാല്‍ നിലവില്‍ ഒരു മാസം ചികില്‍സക്കുവേണ്ട രണ്ടായിരം രൂപ പോലും ഇല്ലാത്ത സ്ഥിതിയാണ്. ഈ നിസഹായാവസ്ഥയിലാണ് അമ്മയും മകനും സുമനസുകളുടെ സഹായം തേടി രംഗത്തെത്തിയത്. അഞ്ച് വര്‍ഷം മുന്‍മ്പ് കാന്‍സര്‍ ബാധിച്ചായിരുന്നു രഞ്ജിത്തിന്റെ അച്ഛന്‍ മരണപ്പെട്ടത്.

Exit mobile version