കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു; പരിശോധനയ്ക്കായി നല്‍കിയത് വ്യാജ മേല്‍വിലാസം

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തലസ്ഥാനത്ത് സമരങ്ങളില്‍ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് പരിശോധനയ്ക്ക് അഭിജിത്ത് നല്‍കിയത് വ്യാജ മേല്‍വിലാസമാണെന്ന് കാണിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. കെഎം അബി എന്ന പേരാണ് പരിശോധന സമയത്ത് നല്‍കിയിരുന്നത്. ഇത് കെഎം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്റെ പരാതി. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും ക്വാറന്റൈനിലാണോയെന്ന് അറിയില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ പറയുന്നു.

തച്ചപ്പള്ളി എല്‍പി സ്‌കൂളില്‍ നടത്തിയ കൊവിഡ് പരിശോധനയ്ക്കാണ് ഇരുവരും എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്. സ്‌കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ എവിടെയാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താന്‍ പരിശോധന നടത്തി എന്നും കൊവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനമാണ് ഇതെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ പറഞ്ഞത്.

Exit mobile version