ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം: കടകളില്‍ ബിസ്‌കറ്റ് വില്‍പ്പനയടക്കം നിരോധിച്ചു

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ബിസ്‌കറ്റ് നിരോധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായാണ് ബിസ്‌ക്കറ്റ് നിരോധനം. വനം- വന്യജീവി വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകളില്‍ ബിസ്‌കറ്റ് വില്‍ക്കുന്നതും നിരോധിച്ചു. പ്ലാസ്റ്റിക് കവറുകളില്‍ ലഭിക്കുന്ന ബിസ്‌കറ്റുകള്‍ പരിസ്ഥിതിക്കും വന്യജീവികളുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ചാണ് നിരോധനം. ബിസ്‌കറ്റിന് പുറമേ പ്ലാസ്റ്റിക് കവറുകളിലെ ശീതളപാനീയങ്ങള്‍, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വില്‍പനയും തടഞ്ഞിട്ടുണ്ട്.

പ്ലാസ്റ്റിക് ഉല്‍പ്പന്നം വിറ്റതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് ഉള്‍പ്പടെ പല കടകള്‍ക്കും വനം വകുപ്പ് പിഴ ചുമത്തി. എന്നാല്‍ ഹൈക്കോടതി അംഗീകരിച്ച വസ്തുക്കളാണ് വില്‍ക്കുന്നതെന്ന് കടയുടമകള്‍ പറയുന്നു. നിരോധനം കര്‍ശനമാക്കിയതോടെ കടയടപ്പ് ഉള്‍പ്പടെയുള്ള സമരങ്ങളിലേയ്ക്ക് നീങ്ങുകയാണ് കച്ചവടക്കാര്‍.

ഭക്തരുടെ വരവ് കുറഞ്ഞ സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയാല്‍ കടകള്‍ അടച്ചിടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ പല കടകളും ശബരിമലയില്‍ അടഞ്ഞു കിടക്കുകയാണ്. ശബരിമല പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാല്‍ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക്ക് അംശം കലര്‍ന്നിട്ടുള്ള ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്നവര്‍ക്ക് എതിരെ പിഴ ഈടാക്കുമെന്നാണ് വനം വകുപ്പ് നിലപാട്.

Exit mobile version