പ്രതിപക്ഷ പാര്‍ട്ടികളുടെ അഴിഞ്ഞാട്ടം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കി; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് കാരണമാക്കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കി. തിരുവനന്തപുരം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം വ്യാപിക്കാമോ അത്ര തന്നെ വ്യാപികട്ടെ എന്ന മനോഭാവത്തില്‍ ഉള്ള പ്രവര്‍ത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ആശുപത്രികള്‍ നിറഞ്ഞാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങള്‍ കേരളത്തില്‍ കൊവിഡ് വ്യാപിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. അതേസമയം തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികള്‍ കുതിച്ചുയരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം 900 കടന്നു. ഇന്നലെ 926 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.അതില്‍ 893 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടെന്നാണ് ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധന സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങളില്‍ എവിടെയും കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം. സമരം പലയിടങ്ങളിലും അക്രമാസക്തമാകുന്നുണ്ട്.

Exit mobile version