സുജിത്ത് ഭക്തനും ശ്വേതയും ഇന്ത്യക്ക് വേണ്ടി പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണം വാങ്ങിയ മജ്‌സിയ ഭാനുവുമെല്ലാം നേരിട്ടത്; തുറന്നുപറഞ്ഞ് ഒരു കുറിപ്പ്

സിനിമാതാരങ്ങള്‍ മുതല്‍ സാധാരണ സ്ത്രീകള്‍ വരെ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിലോ അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലോ ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളായി മാറുകയാണ്. മോഡേണ്‍ വേഷത്തിലുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നടി അനശ്വര രാജന്‍ സോഷ്യല്‍മീഡിയയില്‍ നേരിട്ട സൈബര്‍ ആക്രമണം ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

അനശ്വരയ്ക്ക് പിന്തുണയേകി സിനിമാ ലോകവും സോഷ്യല്‍ മീഡിയയും അണിനിരക്കുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് റിജാസ് മുഹമ്മദ്. നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ ശക്തവും കര്‍ശനവുമാണ് എന്നൊക്കെ തോന്നുമെങ്കിലും ഊരിപോകാന്‍ സാധിക്കുന്ന വാതിലുകളാണ് അതില്‍ അധികവും ഉള്ളതെന്ന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി റിജാസ് കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് റിജാസ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു മാസത്തിനു മുന്‍പാണ് ഫ്ളവേഴ്‌സ് ചാനലില്‍ ശ്രീകണ്ഠന്‍ നായരുടെ ഒരു ടോക്ക് ഷോ കാണുന്നത്. ഒരു ചെറുപ്പക്കാരന്‍ വളരെ വേദനയോടെ പറയുന്നു അദ്ദേഹം ഒരു ബൈക്ക് ഓടിച്ചു പോകുമ്പോ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചു വന്ന ഒരു കാര്‍ അയാളെ ഇടിച്ചു തെറിപ്പിക്കുന്നു ലക്ഷക്കണക്കിന് രൂപയാണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അയാള്‍ക്ക് ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വന്നത്. ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് ഒരുപോലീസുകാരന്‍ ഇദ്ദേഹത്തെ സമീപിക്കുകയും കേസ് ഒത്തു തീര്‍പ്പാക്കാന്‍ തയാറാണോ എന്ന് ചോദിക്കുകയും ചെയ്യുന്നു. കാര്‍ ഓടിച്ച വ്യക്തി 2500 രൂപ നല്‍കാന്‍ തയാറാണത്രേ. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മുന്‍ റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും ഇത് കേള്‍ക്കുമ്പോ പറയുന്നൊരു കാര്യമുണ്ട് ‘നമ്മുടെ നിയമമനുസരിച്ചു അലക്ഷ്യമായി വാഹനമോടിച്ചു ഒരാളെ അപകടപ്പെടുത്തിയാല്‍ കിട്ടാവുന്ന പരമാവധി പിഴയാണ് ഈ 2500 രൂപ’. ഇനി അപകടത്തില്‍ ആള്‍ മരിച്ചു പോയാല്‍ അത് പോലും ചിലപ്പോള്‍ പ്രതീക്ഷിക്കണ്ടത്രേ.

കേരളത്തിലെ പ്രശസ്തനായൊരു ട്രാവല്‍ വ്‌ലോഗറാണ് സുജിത്ത് ഭക്തന്‍. ആദ്ദേഹത്തിന്റെ ഭാര്യ ശ്വേതയെ വളരെ മോശമായ രീതിയില്‍ പബ്ലിക്ക് പ്ലാറ്റുഫോമില്‍ ഒരാള്‍ സ്ഥിരമായി തെറിയും അശ്ലീലവും വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചത് ഭയങ്കര വാര്‍ത്തയും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അതിനെതിരെ സുജിത്തും ഭാര്യയും സൈബര്‍ സെല്ലിനു പരാതി നല്‍കുകയും ചെയ്തു എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കു ശേഷം അവര്‍ക്ക് കിട്ടിയ മറുപടി അത്ഭുതപ്പെടുത്തി ഇത്തരം കമന്റുകള്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നും ഈ വിധത്തിലുള്ള അശ്ലീല കമന്റുകള്‍ പോലും ഭരണഘടനയുടെ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്റെ ഭാഗമാണ് എന്നുമാണ്.’ ‘അതേ, ഏത് സ്ത്രീയേയും തെറിപറയാനുള്ള ഇന്ത്യന്‍ പൗരന്റെ അവകാശം ‘ അവസാനം ഇനി ഇതിന്റെ പുറകേ പോയിട്ട് കാര്യമില്ലെന്നും കണ്ടില്ല എന്ന് നടക്കലാണ് നല്ലത് എന്നും അവര്‍ തീരുമാനിക്കുന്നു അന്ന് കമന്റ് ചെയ്ത വ്യക്തി ഇന്നും അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ ശക്തവും കര്‍ശനവുമാണ് എന്നൊക്കെ തോന്നുമെങ്കിലും ഊരിപോകാന്‍ സാധിക്കുന്ന വാതിലുകളാണ് അതില്‍ അധികവും അതുകൊണ്ട് തന്നെയാണ് ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ചലച്ചിത്ര താരങ്ങളായ അനശ്വര രാജനും, റിമ കല്ലിങ്കലും ഇന്ത്യക്ക് വേണ്ടി പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണം വാങ്ങിയ മജ്‌സിയ ഭാനുവും സ്ഥിരമായി തെറിയും അശ്ലീലവും കേള്‍ക്കേണ്ടി വരുന്നതും കൊല്ലത്തൊരു റംസിയും ഉത്തരയും ഉണ്ടാകുന്നതും ;

നല്ല കാലത്തിനു വേണ്ടി കാത്തിരിക്കാം…

Exit mobile version