സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരും; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര തീരത്തിന് സമീപത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദം ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം ഇന്ന് പത്ത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇരുപതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ രണ്ടാഴ്ച കൂടി സംസ്ഥാനത്ത് മഴ തുടരും.

Exit mobile version