ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടു; ഡല്‍ഹിയില്‍ മലയാളി യുവാവ് ജീവനൊടുക്കി, തനിച്ചായത് ഭിന്നശേഷിക്കാരനായ അച്ഛനും

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് മലയാളി യുവാവ് ജീവനൊടുക്കി. ഹരിപ്പാട് സ്വദേശി വൈശാഖാണ്(30) മരിച്ചത്. ഡല്‍ഹിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു വൈശാഖ്. ലോക്ഡൗണില്‍ ഹോട്ടല്‍ അടച്ചിടുന്ന സഹചര്യത്തില്‍ ജോലി നഷ്ടപ്പെടുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. മൂന്നാം തീയതിയാണ് വൈശാഖ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാഴാഴ്ച നിരാശ കലര്‍ന്ന സന്ദേശവും കൈമുറിച്ച ദൃശ്യങ്ങളും വൈശാഖ് അയച്ചു. ഇതു കണ്ട് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഹരിപ്പാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഡല്‍ഹി പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ ഫോട്ടോ ഉള്‍പ്പെടെ നല്‍കി അന്വേഷിച്ചിരുന്നു.

മുഖം തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ യുവാവ് മുറിയെടുത്തായ അറിയിച്ചു. എന്നാല്‍, ആ ദിവസം യുവാവ് മുറിതുറന്നിരുന്നില്ല. പിന്നീട് മുറി തുറന്നു പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അമ്മ ചെറുപ്പത്തില്‍ മരിച്ച വൈശാഖിന്റെ അച്ഛന്‍ ഭിന്നശേഷിക്കാരനാണ്. വൈശാഖിന്റെ വേര്‍പാടോടെ തനിച്ചായത് ഈ അച്ഛനുമാണ്.

Exit mobile version