സപ്ലൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പ്രവര്‍ത്തനമാരംഭിച്ചു; മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയുടെ ആദ്യ സബര്‍ബന്‍ മാള്‍ പിറവത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാര്‍ക്കും ലഭ്യമാക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ആരംഭിച്ചതാണ് സബര്‍ബന്‍മാള്‍. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റാണ് പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോയില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടു വരും. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തില്‍ സര്‍ക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മാവേലി സ്റ്റോറുകളുടെ നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരില്‍ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതല്‍ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവില്‍ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങള്‍ക്കും സര്‍ക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version