തന്റെ മുത്തച്ഛന്റെ തേയിലത്തോട്ടം കാണാന്‍ ജെയിന്‍ കേരളത്തില്‍..!

കുമളി: കേരളത്തിന്റെ മഹത്വം വിളിച്ചോതാന്‍ ഇംഗ്ലീഷുകാരി.. തന്റെ മുത്തച്ഛന്റെ തേയിലത്തോട്ടം കാണാന്‍ എത്തിയതാണ് ജെയിന്‍ സാവില്‍. പീരുമേട് ഡൈമുക്ക് എസ്റ്റേറ്റ് സ്ഥാപകനായ ജാക്ക് ഡീന്റെ കൊച്ചുമകളാണ് ജെയിന്‍.

1909ല്‍ കേരളത്തില്‍ എത്തിയ ജാക്ക് തിരുവിതാകൂര്‍ രാജാവില്‍ നിന്ന് വാങ്ങിയ 35 ഏക്കറില്‍ തേയില നട്ടുപിടിപ്പിച്ച് പീരുമേട്ടിലെ തേയിലകൃഷിയ്ക്ക് ഊര്‍ജം പകര്‍ന്നു. ഇംഗ്ലണ്ടിലെ ഡെമോക്ക് കുടുംബാംഗമാണ് അദ്ദേഹം അതിനാല്‍ തന്നെ ഡെമോക്ക് എന്ന് എസ്റ്റേറ്റിനു പേരിട്ടു. ജെയിന്റെ അമ്മ മാരിഗാര്‍ഡിന്റെ പിതാവാണ് അദ്ദേഹം. ഡെമോക്ക് എന്ന പേര് നാട്ടുകാര്‍ പറഞ്ഞുപറഞ്ഞ് പിന്നീട് ഡൈമുക്കായി. ജാക്കിന്റെ ബന്ധുക്കളും തേയില കൃഷിയുമായി ഇക്കാലത്താണ് പീരുമേട്ടില്‍ എത്തിയത്. ആഷ്‌ലി, സെമിനിവാലി, സ്റ്റാഗ് ബ്രൂക്ക് തുടങ്ങിയ എസ്റ്റേറ്റുകളുടെ തുടക്കം ഇങ്ങനെയായിരുന്നു.

എന്നാല്‍ ജാക്കിന്റെ കൃഷിയില്‍ ഏറെ സംതൃപ്തനായ രാജാവ് വീണ്ടും സ്ഥലം നല്‍കിയതോടെ 35 ഏക്കറില്‍ നിന്ന് 723 ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കുറെ ഭാഗം വനമായി സംരക്ഷിച്ചു. ഇങ്ങനെയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ തുടക്കം.

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ ജാക്ക് തീരുമാനിച്ചു. 1924ല്‍ എസ്റ്റേറ്റ് വിറ്റു. ഇന്ന് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ കൈവശമാണ് എസ്റ്റേറ്റ്. ലോകാര്യോഗ്യ സംഘടനയില്‍ ജോലി നോക്കുന്ന അറുപത്തിരണ്ടുകാരിയായ ജെയിന്‍ ഓര്‍മകളിലൂടെ യാത്രചെയ്ത് വീണ്ടും വരുമെന്ന ഉറപ്പോടെ സ്വദേശമായ ഫ്രാന്‍സിലേയ്ക്ക് മടങ്ങി.

Exit mobile version